കൊച്ചി : അർബുദത്തിന്റെ അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് മലയാള സിനിമയിലെ അതിജീവിതയോട് കാട്ടാത്ത ഇന്നസെന്റിന് മാപ്പില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാർഹമായിരുന്നുവെന്നും ദീദി ദാമോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല. അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി .അവിടെ ഇന്നസെന്റ് നിശബ്ദനായി. അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല. മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല. ആ ഇന്നസെന്റിന് മാപ്പില്ല. കൂടെനിൽക്കായ്ക ചിരിയ്‌ക്ക് വക നൽക്കുന്നതല്ല.കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് , പ്രിയ സഖാവിന് വിട .- ദീദി ദാമോദരൻ കുറിച്ചു.















