കൊച്ചി: വിവാദങ്ങൾക്കൊടുവിൽ മറ്റൊരു ടൂർണമെന്റിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കേരളത്തിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങൾക്കായുള്ള ടീമിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങി. ഐഎസ്എൽ- ഐലീഗ് ടീമുകൾ തമ്മിലുള്ള മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ടീം ഒരുങ്ങുന്നത്. മഞ്ചേരിയിലും കോഴിക്കോടുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ടീമിലുള്ളവർ തന്നെയാണ് ബ്ലാസ്റ്റേഴ്സിനായി അണിനിരക്കുന്നതെന്നാണ് പുറത്ത വന്ന റിപ്പോർട്ടുകൾ.
താരങ്ങൾ പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ ടീം മാനേജ്മെന്റ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സൂപ്പർതാരം ദിമിത്രിയോസ് ഡയമൻറക്കോസ് അടക്കമുള്ളവർ പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്. ശക്തമായ ടീമിനെ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന് ഇറക്കുകയെന്നതാണ് ഇത് നൽകുന്ന സൂചന.
300ഓളം വിദേശ താരങ്ങൾ പങ്കെടുക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ കൂടുതൽ ഫുട്ബോൾ ആരാധകരെത്തുമെന്നാണ് പ്രതീക്ഷ. കോട്ടപ്പടി സ്റ്റേഡിയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം, ദേവഗിരി കോളേജ് സ്റ്റേഡിയം എന്നിവയാണ് പരിശീലന മൈതാനങ്ങൾ.
Comments