മലയാളത്തിന്റെ പ്രിയനടൻമാർ വീണ്ടും കൈകോർക്കുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പുതിയൊരു സിനിമയ്‌ക്കായി ഒന്നിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. ഒരുപാട് ഹിറ്റ് സിനിമകളിൽ ഒന്നിച്ച താരങ്ങളാണ് ഇവർ. സുരേഷ് ഗോപിയുടെ മാസ് ആക്ഷൻ സിനിമകളിൽ ശക്തമായ സാന്നിധ്യമായി ഉണ്ടായിരുന്ന നടനാണ് ബിജു മേനോൻ.
എന്നാൽ ഇവർ ഒന്നിക്കുന്ന സിനിമയുടേ പേരോ സംവിധായകനെയോ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു കാസ്റ്റിംഗ് കോൾ ക്ഷണിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഇവരുടെ പ്രോജക്ടിനെ കുറിച്ച് പുറംലോകമറിയാൻ കാരണം. ബിജു മേനോനാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പ്രോജക്ടിലാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നത്. ബിജു മേനോന്റെ കൗമാര പ്രായം അവതരിപ്പിക്കാനാണ് അഭിനേതാവിനെ തേടുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ പരസ്യം ബിജു മേനോൻ പങ്കുവെച്ചിട്ടുണ്ട്.

കളിയാട്ടം, പത്രം, ഹൈവ, എഫ്‌ഐആർ, മില്ലേനിയം സ്റ്റാർസ്, രണ്ടാം ഭാവം, പ്രണയവർണ്ണങ്ങൾ, കവർ സ്റ്റോറി, അഗ്നിനക്ഷത്രം, കിച്ചാമണി എംബിഎ, ഭരതൻ, ജനകൻ, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി സിനിമകളിൽ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.















