ടോക്കിയോ: ഓസ്‌കർ ജേതാവായ ജാപ്പനീസ് സംഗീത സംവിധായകൻ രൂയിച്ചി സാകാമോത്തോ അന്തരിച്ചു. 71 വയസായിരുന്നു. ഗ്രാമി, ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. ‘യെല്ലോ മാജിക് ഓർക്കസ്ട്ര’ എന്ന സംഗീത ബൻഡിന്റെ സഹസ്ഥാപകൻ കൂടിയാണ് സാകാമോത്തോ.
‘ദ് ലാസ്റ്റ് എംപററിലെ’ സംഗീതമാണ് ഓസ്‌കർ പുരസ്‌കാരം നേടിക്കൊടുത്തത്. രോഗബാധിതനായതിനെ തുടർന്ന് ആരാധരകർക്ക് വേണ്ടി ഓൺലൈൻ വിടവാങ്ങാൽ കച്ചേരി നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇത്. സാകാമോത്തോ മാർച്ച് 28-ന് മരിച്ചെങ്കിലും മരണം ഔദ്യോഗികമായി പുറത്തുവിട്ടത് ഇന്നലെയാണ്.
1952-ലാണ് സാകാമോത്തോയുടെ ജനനം. മ്യൂസിക് അറേഞ്ചറായാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1978-ൽ ‘ തൗസൻഡ്‌സ് നൈവ്‌സ്’ എന്ന ആൽബത്തിലൂടെ ഇലക്ട്രോണിക് ഫ്യൂഷൻ സംഗീതരംഗത്തിന് അദ്ദേഹം തുടക്കമിട്ടു. രണ്ട് വർഷത്തിന് ശേഷം ‘ബി 2 യൂണിറ്റ്’ എന്ന ആൽബമിറക്കി. 1992 ബാർസിലോണ ഓളിംപിക്‌സ് ഉദ്ഘാടനവേദിയിലെ സംഗീതം ചിട്ടപ്പെടുത്തിയതും അദ്ദേഹമായിരുന്നു.















