ബെംഗളൂരു: കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിൽ ചേർന്നേക്കുമെന്നും കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കായി ഇരുവരും പ്രചരണത്തിന് ഇറങ്ങുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, ബിജെപിക്കായി താൻ പ്രചരണം നടത്തുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സൂപ്പർസ്റ്റാർ കിച്ച സുദീപ്. കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് വന്ന ഭീഷണി കത്തിനെപ്പറ്റിയും കിച്ച സുദീപ് പ്രതികരിച്ചു.
‘പാർട്ടിയെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. എന്റെ ജീവിതത്തിൽ എന്നെ പിന്തുണച്ച നിരവധി ആളുകളുണ്ട്, അവരിൽ ഒരാൾ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയാണ്. അതുകൊണ്ട് ഞാൻ ബിജെപിക്ക് പിന്തുണ നൽകും. പാർട്ടിക്ക് വേണ്ടിയല്ല, അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുമുണ്ട്. മുഖ്യമന്ത്രി ബൊമ്മൈയുമായി എനിക്ക് ആഴത്തിലുള്ള ആത്മബന്ധമുണ്ട്. അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും’.
‘എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചിരുന്നു. ആരാണ് എനിക്ക് അത് അയച്ചതെന്ന് നന്നായി അറിയാം. സിനിമാ മേഖലയിലുള്ള ഒരാളിൽ നിന്നാണ് അത് വന്നത്. അവർക്കുള്ള മറുപടി ഉചിതമായ സമയത്ത് ഞാൻ നൽകിയിരിക്കും. എന്റെ പ്രയാസകരമായ സമയങ്ങളിൽ എന്റെ കൂടെ നിൽക്കുന്നവർക്ക് അനുകൂലമായാണ് ഞാൻ പ്രവർത്തിക്കുക. ജീവിതത്തിൽ പലതവണ വ്യക്തിപരമായി മുഖ്യമന്ത്രി ബൊമ്മൈ എന്നെ സഹായിച്ചിട്ടുണ്ട്. പ്രചാരണം നടത്തുന്നുവെങ്കിൽ അത് ബിജെപിക്ക് വേണ്ടി മാത്രമാകും’ എന്നും കിച്ച സുധീപ് പറഞ്ഞു.















