മലപ്പുറത്ത് നാല് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതിൽ ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്.
മഞ്ചേരിയിലെ തൗസർ കുഴിമന്തി ഹോട്ടലിൽ നിന്നായിരുന്നു ഇവർ ഭക്ഷണം കഴിച്ചതെന്നാണ് വിവരം. ഇതിൽ മൂന്നരവയസുകാരനായ അദ്വൈതാണ് ഗുരുതരാവസ്ഥയിലുള്ളത്. കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. തുടർന്ന് അന്ന് രാത്രിയോടെ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. നിലവിൽ കുട്ടിക്ക് ഷിഗെല്ല രോഗവും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന സൂചന. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് വീട്ടുകാരുടെ നീക്കം.
Comments