കോട്ടയം :മണിമലയിൽ കാറിൽ ബൈക്കിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ശനിയാഴ്ച വൈകിട്ടാണ് ജോസ് കെ മാണിയുടെ മകനും ബിരുദവിദ്യാർത്ഥിയുമായ കെ എം മാണി ഓടിച്ച ഇന്നോവ കാറിന് പിന്നിൽ ബൈക്കിടിച്ച് സഹോദരന്മാർ മരിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.
മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ മാത്യു ജോൺ, ജിൻസ് ജോൺ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മണിമലയിലേക്ക് പോകുകയായിരുന്ന ഇന്നോവ കാറിന് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിന് പിന്നാലെ ബൈക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 304എ വകുപ്പ് അനുസരിച്ച് അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കി മരണത്തിന് കാരണമായതിനാണ് കേസെടുത്തത്. അപകടത്തിന് പിന്നാലെ എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചാണ് എംപിയുടെ മകനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Comments