മലയാളികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. മലയാളവര്‍ഷം തുടങ്ങുന്ന ദിവസമാണ് വിഷു. പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. മേടം ഒന്നിന് ഒരുക്കിവച്ച കണിയും കണ്ട് പുതുവര്‍ഷത്തിലേക്ക് ഐശ്വര്യത്തോടെ പ്രവേശിക്കുന്നത്. വിളവെടുത്ത പച്ചക്കറികളും പഴങ്ങളും ഒപ്പം കണിക്കൊന്നയുമാണ് പ്രധാനമായും കണിക്കായി ഒരുക്കുന്നത്.
കണിയൊരുക്കലും സദ്യയൊരുക്കുന്നതിനൊപ്പം പ്രധാനപ്പെട്ട ഒന്നാണ് കണിയപ്പം തയ്യാറാക്കൽ. വിഷു ദിനത്തിൽ തയാറാക്കുന്ന ഒരു പലഹാരമാണ് കണിയപ്പം. ഉണ്ണിയപ്പത്തോട് ഏറെ സാമ്യമുള്ള പലഹാരമാണിത്. കണിയുടെ മുന്നിൽ വെച്ചതിനുശേഷം കുട്ടികൾക്ക് വിതരണം ചെയ്യുന്നതുകൊണ്ടാണ് ഇതിന് കണിയപ്പം എന്ന പേരുവന്നത്. ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് നെയ്യപ്പം പോലെയും ഇതിനെ ചുട്ടെടുക്കാവുന്നതാണ്.
കണിയപ്പത്തിന്റെ ചേരുവകൾ
പച്ചരി – ഒരു കപ്പ്
ശർക്കര – 250 ഗ്രാം
ഏലയ്‌ക്ക -3
ചെറു പഴം -3
ഉപ്പ് – ഒരു നുള്ള്
ബേക്കിങ് സോഡ – കാൽ ടീസ്പൂൺ
നെയ്യ് -2 ടേബിൾ സ്പൂൺ
തേങ്ങാക്കൊത്ത് -കാൽ കപ്പ്
കറുത്ത എള്ള് – ഒരു ടേബിൾ സ്പൂൺ
പെരുംജീരകം – അര ടീസ്പൂൺ
നെയ്യ് / വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്‌ക്കുക.
വെള്ളം ഊറ്റി കളഞ്ഞ് ഒരു കോട്ടൺ തുണിയിൽ അരമണിക്കൂർ നിരത്തി അധികമുള്ള വെള്ളം കളയുക. ശേഷം മിക്സിയിൽ ഏലയ്‌ക്ക ചേർത്ത് നന്നായി പൊടിച്ച് ഇടഞ്ഞ് എടുക്കുക. ശർക്കര അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക.(ശർക്കരയുടെ അളവ് ആവശ്യാനുസരണം കൂട്ടിയോ കുറച്ചോ കൊടുക്കാം) അരി പൊടിച്ചതിൽ, പഴം അരച്ചതും ശർക്കര പാനിയും ഉപ്പും ബേക്കിങ് സോഡയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇഡ്ഡലി മാവിന്റെ അയവിൽ വേണം മാവ് കലക്കി എടുക്കാൻ. നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് വറക്കുക. ബ്രൗൺ നിറമായി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്ത് കറുത്ത എള്ള്, പെരും ജീരകം ഇവ ചേർക്കുക. ചൂടാറിയ ശേഷം തയാറാക്കിയ മാവിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മാവ് 2 മണിക്കൂർ മാറ്റി വയ്‌ക്കുക. ഒരു ഉണ്ണിയപ്പകാരയോ, ചീനച്ചട്ടിയോ ചൂടാക്കി നെയ്യൊഴിച്ച് കണിയപ്പം ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
Comments