പ്രേതം, ഭൂതം, ആത്മാവ് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ പലർക്കും ഉള്ളിന്റെ ഉള്ളിൽ വിറയൽ തുടങ്ങും. ഇതൊക്കെ ഇന്നത്തെ കാലത്ത് ഉണ്ടോ എന്ന് ചോദിച്ച് ധൈര്യം സംഭരിച്ചാലും ചില സന്ദർഭങ്ങളിൽ നാം ഭയപ്പെടാറുണ്ട്. പ്രത്യേകിച്ച് ഇരുട്ടത്ത് ഒറ്റയ്‌ക്ക് നടക്കുമ്പോൾ, വിചനമായ പാതയിലൂടെ നടക്കുമ്പോൾ, പരിചയമില്ലാത്ത ഇടങ്ങളിൽ താമസിക്കുമ്പോൾ, പല കഥകളും പ്രചരിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ. ഇത്തരം അന്ധ വിശ്വാസങ്ങളെ തള്ളിക്കളയുന്നവരുടെ മനസ്സിൽ പോലും ഭയം ഉടലെടുക്കാറുണ്ട്. വർഷങ്ങളായി പ്രചരിച്ചു വരുന്ന കഥകൾ ഭയപ്പെടുത്തിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ. പ്രേത കഥകളാൽ പ്രസിദ്ധമായ ഒരുപാട് പള്ളികളും വീടുകളും കെട്ടിടങ്ങളുമെല്ലാം ലോകത്തുണ്ട്. അത്തരത്തിൽ പ്രസിദ്ധമായ ഒന്നാണ് അമേരിക്കയിൽ ടെക്‌സാസിലെ മിനറൽ വെൽസിലുള്ള ‘ദി ബേക്കർ ഹോട്ടൽ ആൻഡ് സ്പാ’.
ഹോട്ടലുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിക്കുന്നത്. പലരുടെയും ആത്മാക്കൾ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നും തങ്ങൾ പലരെയും കണ്ടിട്ടുണ്ടെന്നും ഹോട്ടലിൽ താമസിച്ചവർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഹോട്ടലിനുള്ളിൽ ധാതു സമ്പുഷ്ടമായ ദിവ്യ വെള്ളം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. എഴുപതുകളുടെ കാലഘട്ടത്തിൽ പലരും രോഗശാന്തിക്കായി ഈ വെള്ളം തേടി ഇവിടെ താമസിക്കാനെത്തിയിരുന്നു. എന്നാൽ, അക്കാലത്ത് ഹോട്ടലിൽ താമസിച്ചവർക്കെല്ലാം പറയാൻ ഒന്നുമാത്രം, ഇത് ആത്മാക്കളുടെ കോട്ടയാണ്. ഹോട്ടൽ നിർമ്മിച്ച ടിഡി ബേക്കറിന്റേയും അയാളുടെ യജമാനത്തിയുടേയും ആത്മാക്കൾ ഹോട്ടലിലുണ്ട് എന്നാണ് ജനങ്ങൾ പറയുന്നത്. മാത്രമല്ല, രോഗശമനം തേടി ഇവിടെ എത്തിയവരിൽ പലരും തിരിച്ച് പോയിട്ടുമില്ല. 29-ഓളം മരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും പറയപ്പെടുന്നു.
ആ മരണങ്ങളിലൊന്ന് 16 വയസ്സുള്ള ഹോട്ടൽ തൊഴിലാളിയായിരുന്നു. ലിഫ്റ്റിൽ ചതഞ്ഞരഞ്ഞാണ് ആ പയ്യൻ മരിച്ചത്. വർഷങ്ങളോളം ഈ ആൺകുട്ടിയെ ഹോട്ടലിന് ചുറ്റും കണ്ടിട്ടുണ്ടെന്ന് ജനങ്ങൾ പറയുന്നു. ഇക്കാര്യം 1948-ലെ ഒരു പത്രവാർത്തയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹോട്ടൽ നിർമ്മിച്ച ടിഡി ബേക്കർ സ്ഥിരമായി പുകവലിച്ചിരുന്നയാളാണ്. ഇയാൾ പതിനൊന്നാം നിലയിലെ സ്യൂട്ട് റൂമിലായിരുന്നു താമസിച്ചിരുന്നത്. പതിനൊന്നാം നിലയിൽ മുഴുവൻ പുകയിലയുടെ ഗന്ധം ഉണ്ടെന്നും ആളുകൾ പറയുന്നു. ബേക്കറിന്റെ യജമാനത്തി താമസിച്ചിരുന്നത് ഏഴാം നിലയിൽ മുഴുവൻ അവർ ഉപയോഗിച്ചിരുന്ന പെർഫ്യൂമുകളുടെ ഗന്ധം ആണെന്നും പറയപ്പെടുന്നു. ഇവിടെ താമസിക്കാൻ എത്തുന്നവരുടെ കാലുകളിലും കൈകളിലും കഴുത്തിലുമൊക്കെ കടിക്കുന്നതിനും മാന്തുന്നതിനും സമാനമായ മുറിവുകളും ഉണ്ടാകാറുണ്ടായിരുന്നു. താമസിക്കുന്നവരുടെ കാലുകൾ പിടിച്ചു വലിക്കാറുണ്ടെന്നും ജനങ്ങൾ പറയുന്നു. എന്തായാലും ഇത്തരം കഥകൾ പ്രചരിച്ചതോടെ ബേക്കർ ഹോട്ടൽ പരിസരത്തെത്താൻ ജനങ്ങൾ ഭയന്നു.
1926-ൽ നിർമ്മിക്കപ്പെട്ടതാണ് ബേക്കർ ഹോട്ടൽ. ഏകദേശം 1.2 മില്യൺ ഡോളർ ചെലവിട്ട് നിർമ്മിച്ച ഒരു കെട്ടിടം. 14 നിലകളുള്ള ഹോട്ടലിൽ 450 മുറികളാണുള്ളത്. സ്പായും കുളവും ഹോട്ടലിൽ സജ്ജീകരിച്ചിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് നിന്നുപോയ ഹോട്ടൽ 1962-ലാണ് വീണ്ടും തുറന്നത്. എന്നാൽ, 1972 -ൽ ഹോട്ടൽ പ്രവർത്തനം വീണ്ടും നിർത്തി. അതിനുശേഷം അടച്ചുപൂട്ടി. ഇപ്പോൾ 2025-ൽ വീണ്ടും തുറക്കാൻ വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ് ബേക്കർ ഹോട്ടൽ ആൻഡ് സ്പായിൽ. എന്തായും പ്രചരിച്ചുന്നതെല്ലാം കെട്ടുകഥകളാണ് എന്ന് തെളിയിക്കാനൊരുങ്ങുകയാണ് അധികൃതർ.
Comments