ഇന്ന് മഹാത്മാ ഭീം റാവു അംബേദ്കറുടെ 132-ാം ജയന്തി. ഒരു നൂറ്റാണ്ടിന് ശേഷം ചിന്തിയ്‌ക്കുമ്പോൾ ഇന്ത്യയിലെ ദളിത് പിന്നാക്ക വിഭാഗങ്ങൾ അരുവികൾ പോലെ മുന്നോട്ടു തന്നെ ഒഴുകിയിട്ടുണ്ട്. പക്ഷേ അവർ മത്സരിക്കേണ്ടത് വൻ നദികളായ് മാറാനും, പൊതു സമൂഹമെന്ന സമുദ്രത്തിൽ പോയി ചേരാനുമാണ്.
ഏതൊരു ജനവിഭാഗത്തിനും സമൂഹത്തിൽ സ്വീകാര്യതയും ബഹുമാനവും ലഭിക്കുന്നത്, അതത് കാലങ്ങളിൽ “പുരോഗതി” എന്ന വാക്കിന്റെ വ്യാഖ്യാനത്തിന് കീഴിൽ വരുന്ന സൗകര്യങ്ങൾ ആ ജനവിഭാഗങ്ങൾക്ക് കൂടി പ്രാപ്തമാകുമ്പോഴാണ്.അതോടൊപ്പം രാഷ്‌ട്രീയം, ബ്യൂറോക്രസി,നിയമസംവിധാനങ്ങൾ, സാമ്പത്തിക രംഗം തുടങ്ങി സമൂഹത്തിന്റെ ഡിസിഷൻ മേക്കിംഗ് ബോഡികളിൽ കൂടി കടന്നു ചെല്ലുമ്പോഴാണ്.അതു കൊണ്ട് തന്നെയാണ് രാഷ്‌ട്രീയാധികാരം കൊണ്ടും പ്രാതിനിധ്യം കൊണ്ടും മാത്രമേ അധസ്ഥിതരുടെ വിമോചനം സാധ്യമാവൂ എന്ന് മഹാത്മ അംബേദ്കർ പറഞ്ഞതും.
2022 ജൂലൈ 25 ഇന്ത്യ ലോകത്തിന് മുന്നിൽ തല ഉയർത്തി നിന്ന ദിനമായിരുന്നു.അന്നായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതിയായി ശ്രീമതി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.വഴി നടക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്നൊരു ജനതയുടെ പ്രതിനിധി ഇന്ത്യയുടെ സർവസൈന്യാധിപയായി ഇന്ത്യൻ പാർലമെൻ്റിലൂടെ നടന്നു നീങ്ങുന്ന മനോഹരമായ, ചരിത്രപരമായ ദൃശ്യം. NDAയ്‌ക്ക് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാൻ ലഭിച്ച മൂന്ന് അവസരങ്ങളിലും കഴിവുള്ളവരെ കണ്ടെത്തി മഹാത്മാ അംബേദ്കറുടെ ചിന്താധാരകൾക്കനുസരിച്ചുള്ള സാമൂഹിക മുന്നേറ്റം തന്നെയായിരുന്നു കാഴ്ചവച്ചതും.Dr APJ അബ്ദുൾ കലാം, ശ്രീ രാം നാഥ് കോവിന്ദ്, ശ്രീമതി ദ്രൗപതി മുർമു എന്നിവർ.
താക്കോൽ സ്ഥാനങ്ങളിലല്ലെങ്കിലും ഇന്ന് ചെറിയ രീതിയിലെങ്കിലും സർക്കാർ ഉദ്യോഗസ്ഥതലങ്ങളിൽ ദളിത്-ആദിവാസി പ്രതിനിധ്യം ആയി വരുന്നുണ്ട്. അക്കൂട്ടർക്കാണ് ഉത്തരവാദിത്തം കൂടുതലുള്ളതും.പടവുകൾ കയറുമ്പോൾ പിന്നിലുള്ളവരെ കൈ പിടിച്ചുയർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, ഞാൻ കയറിയേ എന്ന് ഇരു കൈകളുമുയർത്തി ആഘോഷിക്കുന്നതോടൊപ്പം തന്നെ.ബിസിനസ്,സിനിമ,മാധ്യമം,രാഷ്‌ട്രീയ രംഗങ്ങളിലെല്ലാം ധൈര്യസമേതം കയറിച്ചെല്ലാനുള്ള ആത്മവിശ്വാസവും അതോടൊപ്പം സ്വായത്തമാക്കേണ്ടതുമുണ്ട്.പ്രശ്നങ്ങൾ പറയുന്നതോടൊപ്പം പരിഹാരങ്ങൾ കൂടി കണ്ടെത്തി നമുക്ക് മുന്നോട്ടൊഴുകാം.
ഇന്ന് അധഃസ്ഥിതരുടെ മുന്നേറ്റത്തിന്റെ കുങ്കുമശോഭയിൽ നരേന്ദ്രഭാരതം തിളങ്ങി നിൽക്കുമ്പോൾ,ഭാരതത്തിന്റെ ഉന്നതമായ ഭരണഘടനാ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച ആ മഹാനുഭാവനെ ആദരപൂർവ്വം സ്മരിക്കുന്നു.
പി ശ്യാം രാജ്
ദേശീയ സെക്രട്ടറി
ഭാരതീയ ജനതാ യുവമോർച്ച
Comments