തന്നെ കുറിച്ച് പ്രചരിക്കുന്ന പ്രണയ വാർത്തകളിൽ പ്രതികരണവുമായി ബോളിവുഡ് നടി പൂജ ഹെഗ്ഡെ. സൽമാൻ ഖാനും താനും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും പൂജ പറഞ്ഞു. സൽമാന്റെ പുതിയ ചിത്രമായ കിസി കാ ഭായ് കിസി കി ജാനിൽ നായിക പൂജയാണ്. ഇതിന് പിന്നാലയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. ഒരു അഭിമുഖത്തിനിടയിലാണ് താരം പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകിയത്.
‘ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. സിനിമയിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുക എന്നതാണ്. സിനിമയിൽ ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനം.’- പൂജ പറഞ്ഞു.
ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ആക്ഷൻ റൊമാന്റിക് ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലും പാലക് തിവാരിയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഷെഹ്നാസ് ഗിൽ, പാലക് തിവാരി, സിദ്ധാർത്ഥ് നിഗം, രാഘവ് ജുയൽ, വെങ്കിടേഷ് ദഗ്ഗുബതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Comments