സൂര്യയും സിരുത്തൈ ശിവയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. സൂര്യാ 42 എന്ന് താൽക്കാലിക പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ കങ്കുവ എന്നാണ്. ചിത്രത്തിന്റെ ടൈറ്റിൽ ടീസറും പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് രാവിലെ 9.5 ന് ചിത്രത്തിന്റെ നിർമ്മാതാക്കാളാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. ദിഷാ പടാനിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.
‘ഈ ഇതിഹാസ ചിത്രത്തിൽ ശിവയ്‌ക്കും ടീമിനും ഒപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്’. കങ്കുവയുടെ ടൈറ്റിൽ ലുക്ക് പങ്കുവെച്ച് സൂര്യ ട്വിറ്ററിൽ കുറിച്ചു. ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ചിത്രീകരിക്കുന്നത്. ഇന്ത്യയിലുടനീളം 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ടീസറിന്റെ അവസാനം, ചിത്രം 2024 ആദ്യം റിലീസ് ചെയ്യുമെന്ന് സൂചിപ്പിച്ചിരിക്കുന്നു. ഇത് പരിഗണിച്ച് ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാണ് സാധ്യത. ഇന്ത്യൻ 2 ഇതിനോടകം പൊങ്കൽ റിലീസ് ലക്ഷ്യമിടുന്നതിനാൽ രണ്ട് ചിത്രങ്ങളും ഏറ്റുമുട്ടാനും സാധ്യതയുണ്ട്.
കങ്കുവ എന്ന പേരിൽ ഇതിനോടകം രജനികാന്ത് നായകനായ ഒരു ചിത്രം തമിഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1984-ലാണ് രജനി ചിത്രം പുറത്തുവന്നത്.















