തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല് നാല് ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട്. ഈ ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 24 മണിക്കൂറില് 115.6 മില്ലിമീറ്റര് മുതല് 204.4 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് നിര്വചിക്കുന്നത്.
ഇന്ന് മുതല് അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും, 17ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകള്ക്കും, 18ന് കോഴിക്കോട്, വയനാട്, കണ്ണൂര്, 19ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്, കാസര്കോട് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മഴ മുന്നറിയിപ്പുള്ള ജില്ലകളില് ജനങ്ങള് ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില് നില്ക്കുന്നതും മരങ്ങള്ക്കു താഴെ അഭയം തേടുന്നതും ഒഴിവാക്കണം. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക നിര്ദേശങ്ങള് ശ്രദ്ധിക്കണമെന്നും അധികൃതര് മുന്നറിയിപ്പ് നല്കുന്നു.















