കണ്ണൂർ: മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. എരമം സ്വദേശി മേഘയാണ് എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവ് നൽകിയ 40 ലക്ഷം രൂപ എങ്ങനെ ചെലവായെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
വിദേശത്തായിരുന്ന ഭർത്താവ് പല തവണകളായി മേഘയ്ക്ക് 40 ലക്ഷം രൂപ നൽകിയിരുന്നു. വീട് വാങ്ങാൻ ഈ പണം എടുക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ ഈ പണം മേഘ ചെലവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മേഘ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എലിവിഷം കഴിച്ചതിനെ തുടർന്ന് മേഘയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പണം എങ്ങനെ ചെലവായി, തുക എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്.















