അനന്ത്നാഗ്: ഈ വർഷത്തെ അമർനാഥ് യാത്രയ്‌ക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചു. ഈ വർഷത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31-ന് അവസാനിക്കുമെന്ന് ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. രജിസ്‌ട്രേഷന് വേണ്ടിയുള്ള ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കും. തീര്‍ത്ഥാടന യാത്ര സംബന്ധമായ കാലാവസ്ഥാ വിവരങ്ങളും മറ്റ് അവശ്യ വിവരങ്ങളും മറ്റ് പല ഓണ്‍ലൈന്‍ സേവനങ്ങളും ഈ ആപ്പിലൂടെ ലഭിക്കുന്നതാണ്. അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന്റെ https://jksasb.nic.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും യാത്ര രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കും. അമര്‍നാഥ് യാത്രാ രജിസ്‌ട്രേഷന്‍, ഹെലികോപ്റ്റര്‍ സേവനങ്ങള്‍, ക്യാമ്പുകള്‍, തീര്‍ത്ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയെല്ലാം ഇതിലൂടെ അറിയാവുന്നതാണ്.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 13-70 വയസ്സിനിടയിലുള്ള വ്യക്തികൾക്ക് രജിസ്റ്റർ ചെയ്യാം. എല്ലാ തീർത്ഥാടനത്തിനും ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 6 ആഴ്ചയോ അതിൽ കൂടുതലോ ഗർഭമുള്ള സ്ത്രീകൾക്ക് യാത്രയിൽ പങ്കെടുക്കാൻ അനുവാദമില്ല. അമര്‍നാഥ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടെലികോം സേവനങ്ങള്‍, തീര്‍ത്ഥാടകര്‍ക്കും മറ്റുമുള്ള താമസം, വൈദ്യുതി, വെള്ളം, സുരക്ഷ, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയ്‌ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ശുചീകരണത്തിനും മാലിന്യ ശേഖരണത്തിനും വേണ്ട കൃത്യമായ നടപടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ഭരണകൂടം നല്‍കിയിട്ടുണ്ട്.
അമര്‍നാഥ് ക്ഷേത്ര ബോര്‍ഡും തീര്‍ത്ഥാടന കാലത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. അനന്ത്‌നാഗ് ജില്ലയില്‍ നിന്നുള്ള പഹല്‍ഗാം പാതയിലും ഗന്തര്‍ബാല്‍ ജില്ലയില്‍ നിന്നുള്ള ബാല്‍താല്‍ പാതയിലും ഒരേ സമയം തീര്‍ത്ഥയാത്ര ആരംഭിക്കാനാണ് പദ്ധതി. ക്ഷേത്ര കര്‍മ്മങ്ങള്‍ ആരംഭിച്ചാല്‍ രാവിലെയും വൈകുന്നേരവും നടത്തുന്ന പ്രാർത്ഥനകൾ തത്സമയ സംപ്രേക്ഷണം ചെയ്യാനും അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ്.















