കീർത്തി സുരേഷിന്റെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. സ്കൂൾ കാലം മുതലുള്ള സുഹൃത്തും റിസോർട്ട് ഉടമയുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളും ഇടയ്‌ക്കുണ്ടായിരുന്നു. പലപ്പോഴായി കീർത്തി വിവാഹം ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സിനിമയ്‌ക്കകത്തും പുറത്തുമുള്ള നിരവധി പേരുകൾ കീർത്തിയുടെ വരന്റെ സ്ഥാനത്ത് വന്നിട്ടുണ്ട്. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പലപ്പോഴും അമ്മയായ മേനകയും മറുപടി നൽകിയിട്ടുണ്ട്. റിസോർട്ട് ഉടമയുമായുള്ള കീർത്തിയുടെ വിവാഹ വാർത്തയിൽ തരിമ്പു പോലും സത്യമില്ല എന്നുമാത്രമേ തനിക്ക് പറയാനുള്ളൂ എന്നായിരുന്നു മേനകയുടെ പ്രതികരണം.
ഇപ്പോഴിതാ, തന്റെ വിവാഹ വാർത്തകൾക്ക് പ്രതികരണവുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ, നാനി നായകനായ ‘ദസറ’ എന്ന സിനിമയുടെ വിജയത്തിലും സന്തോഷത്തിലുമാണ് കീർത്തി ഇപ്പോൾ. ഈ പശ്ചാത്തലത്തിൽ നടത്തിയ ഇൻസ്റ്റഗ്രാം ചോദ്യോത്തരവേളയിലാണ് കീർത്തി പ്രതികരിച്ചത്. നടൻ വടിവേലു മുണ്ടുമടക്കിക്കുത്തി നിൽക്കുന്ന ഒരു ഗ്രാഫിക് ചിത്രമാണ്, ‘എബൗട്ട് യുവർ മാരേജ്’ എന്ന ചോദ്യത്തിനുത്തരമായി കീർത്തി നൽകിയത്. ഈ ചോദ്യം കീർത്തിയെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്നതിനുദാഹരണമാണ് ഈ ചിത്രം.
മലയാളത്തിൽ ടൊവിനോ തോമസ് നായകനായ ‘വാശിയാണ്’ കീർത്തിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. ‘മാമന്നൻ’, ‘സൈറൺ’, ‘രഘു താത്ത’, റിവോൾവർ റീത്ത’ തുടങ്ങിയ സിനിമകളിൽ കീർത്തി നായികയാണ്.
Comments