ഇന്ത്യയിൽ ആദ്യം സൂര്യകിരണങ്ങൾ പതിക്കുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. പ്രഭാതത്തിന്റെ വെളിച്ചമുള്ള നാട്, പർവതങ്ങളുടെ നാട് എന്നുമൊക്കെ അറിയപ്പെടുന്നുണ്ട് ഈ സംസ്ഥാനം. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും കൂടി പേരുകേട്ടതാണ് അരുണാചൽ പ്രദേശ്. 26 പ്രധാനഗോത്രങ്ങളും നൂറോളം ഉപഗോത്രങ്ങളും അരുണാചൽ പ്രദേശിൽ വസിക്കുന്നുണ്ട്, ഓരോന്നിനും അതിന്റേതായ തനതായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉത്സവങ്ങളുമുണ്ട്. ഈ ഉത്സവങ്ങളും മേളകളും ഗോത്രങ്ങളുടെ ഊർജ്ജസ്വലമായ സംസ്‌കാരം പ്രദർശിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നു.

അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ മോൺപ ഗോത്രക്കാർ ആഘോഷിക്കുന്ന ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളിലൊന്നാണ് ലോസർ ഉത്സവം. ഈ ആഘോഷം പുതുവർഷത്തിന്റെ തുടക്കം കുറിക്കുന്നു. ആഘോഷവേളയിൽ ജില്ല മുഴുവൻ ദീപങ്ങളാൽ പ്രകാശപൂരിതമാക്കും. അവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാദേശിക പാനീയങ്ങളും ഭക്ഷണവിഭവങ്ങളും ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഈ ഉത്സവം. മാർച്ച് 3 മുതൽ മാർച്ച് 5 വരെയാണ് ലോസർ ഉത്സവം ആഘോഷിക്കപ്പെടുന്നത്. ആഘോഷങ്ങളുടെ ഭാഗമാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ തവാങ്ങിലെത്തും.

അരുണാചൽ പ്രദേശിലെ മറ്റൊരു മനോഹരമായ ഉത്സവമാണ് സീറോ താഴ്വരയിൽ ആഘോഷിക്കുന്ന നാല് ദിവസത്തെ സീറോ സംഗീത ഉത്സവം. ഇന്ത്യയിലെ സ്വതന്ത്ര കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു സംഗീതോത്സവമാണ് ഇത്. ജാസ്, ഇൻഡി തുടങ്ങിയ വിവിധ സ്വതന്ത്ര സംഗീത രൂപങ്ങൾ അവതരിപ്പിക്കുന്ന പ്രഗത്ഭരായ കലാകാരന്മാർ അവതരിപ്പിക്കുന്ന പുത്തൻ സംഗീതം ആസ്വദിക്കാൻ രാജ്യമെമ്പാടുമുള്ള സംഗീത പ്രേമികൾ ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തും. റെഹ്, ബൂരി ബൂട്ട്, മയോക്കോ, ഡ്രീ, പോങ്ടു, മുരുങ്, സോളാങ്, മോപിൻ, മോൻപ ഉത്സവം തുടങ്ങി നിരവധിയാഘോഷങ്ങളും അരുണാചൽ പ്രദേശിലുണ്ട്.















