നിർമിത ബുദ്ധി ഉപയോഗിക്കുന്ന എഐ കാമറകൾ നിരത്തുകളിൽ സ്ഥാപിച്ച് ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന എഐ കാമറ പദ്ധതിക്കെതിരെ നിരവധി പേരാണ് അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ രഞ്ജിത്ത് ശങ്കറും സമാനമായ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് സർക്കാരിനോട്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഒരു ക്യാമറയ്‌ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ മികവുറ്റ കാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ കാമറ പാർട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്?” ഇതായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ ചോദ്യം. എഐ കാമറ പദ്ധതി മുഖേന 5 കൊല്ലം കൊണ്ടുള്ള വരവ് 478 കോടി രൂപയാണെന്ന് സർക്കാർ വാദിക്കുന്നു.
ഇത്രയും പിഴ വരാൻ മാത്രം ഭീകരമായി മലയാളികൾ നിയമ ലംഘനം നടത്തും എന്ന പ്രതീക്ഷയിൽ ആണോ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നും സംവിധായകൻ ചോദിച്ചു. ജനങ്ങളുടെ സുരക്ഷയ്‌ക്കും അപകടങ്ങളുടെ കുറയ്‌ക്കുന്നതിനും ഒന്നുമല്ലേ മുൻഗണനയെന്നും അദ്ദേഹം ചോദിക്കുന്നു.
എഐ കാമറ പദ്ധതിക്ക് വേണ്ടി വിളിച്ചിരിക്കുന്ന ടെണ്ടർ അത്ര സുതാര്യമല്ലെന്ന വാദമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉന്നയിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് SRIT കമ്പനിക്ക് ഉപകരാർ നൽകിയത് എന്നും വിഡി സതീശൻ ആരോപിച്ചു.















