സെൽഫി എടുക്കുന്നതിനിടയിൽ ആരാധകന്റെ ഫോണിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്ത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൺ സഞ്ജു സാംസൺ. സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ പരിശീലനം കാണുന്നതിനെത്തിയ ആരാധകർക്കൊപ്പം നിന്ന് സെൽഫി എടുക്കുന്നതിനിടയിലായിരുന്നു ഫോൺ കോൾ വന്നത്. പിന്നാലെ താരം ഫോൺ എടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് രാജസ്ഥാൻ റോയൽസ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്.
സെൽഫിയെടുക്കുന്നതിനിടയിൽ കോൾ വരുമ്പോൾ ‘കോൾ രഹാഹെ’ എന്ന് സഞ്ജു പറയുന്നത് വീഡിയോയിൽ ദൃശ്യമാണ്. ഇതിന് പിന്നാലെയാണ് താരം കോൾ അറ്റൻഡ് ചെയ്തത്. ഇത് കണ്ട് തടിച്ചുകൂടിയ ആരാധകർ ആരവം മുഴക്കുന്നത് വീഡിയോയിൽ കാണാം. സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത് എന്ന് ആരാധകർ പറയുമ്പോൾ കോൾ വിളിച്ചയാൾ സഞ്ജു ഭയ്യ എന്ന് പറയുകയും മറുപടിയായി എന്താണ് വിശേഷം എന്ന് സഞ്ജു ചോദിക്കുന്നതും വീഡിയോയിലുണ്ട്. ഇത് കേൾക്കുമ്പോൾ ആരാധകർ വീണ്ടും ആരവം മുഴക്കുകയും തുടർന്ന് ഫോൺ തിരികെ നൽകി സഞ്ജു പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടുകയാണ്. ആദ്യ പാദ മത്സരത്തിൽ രാജസ്ഥാൻ വിജയിച്ചെങ്കിലും ഇന്ന് വിജയം ഏത് തരത്തിലാകുമെന്നതിൽ സംശയമുണ്ട്.















