അഭിനയ രംഗത്തില്ലെങ്കിലും മലയാളികളുടെ സ്വന്തം താരമാണ് സംയുക്ത വർമ്മ. ഒരു നൂറ്റാണ്ടിന് ശേഷം നടക്കുന്ന കൈതപ്രം സോമയാഗത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു സംയുക്ത. സോമയാഗത്തിൽ പങ്കെടുക്കാനെത്തിയ സംയുക്തയുടെ വീഡിയോയും ചിത്രങ്ങളും മലയാളികളുടെ ഹൃദയത്തിൽ പെട്ടെന്നാണ് ഇടം പിടിച്ചത്. സോമയാഗ വേദിയിൽ ഒരുക്കിയ സ്വീകരണത്തിൽ താനിപ്പോൾ ഒരു താരമല്ലെന്നും, സന്തോഷവതിയായ വീട്ടമ്മ മാത്രമാണെന്നുമാണ് സംയുക്ത പറഞ്ഞത്.
പഴയ പെരിഞ്ചല്ലൂരിന്റെ ഭാഗമായ കൈതപ്രം ദേവഭൂമിയിൽ നൂറ്റാണ്ടിനിടെ ആദ്യമായി നടക്കുന്ന സോമയാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് മുൻജന്മ സുകൃതമാണെന്നാണ് സംയുക്ത വർമ പറഞ്ഞത്. കൈതപ്രത്തെ സോമയാഗവേദിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ താരം സംസാരിക്കുകയും ചെയ്തു. ‘ഞാനിപ്പോൾ താരമല്ല. സാധാരണ വീട്ടമ്മ മാത്രമാണ്. സന്തോഷവതിയായ വീട്ടമ്മ. ഞാനിങ്ങനെ ഒരു ചടങ്ങുകൾക്കും പോകാറില്ല. ഇവിടെ വന്ന് ഇവിടെയുള്ളവരുടെ സ്‌നേഹമിങ്ങനെ കാണുമ്പോൾ വലിയൊരു ഭാഗ്യമായി കരുതുന്നു സംയുക്ത കൂട്ടിച്ചേർത്തു.
സിനിമാരംഗത്തുനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞിട്ടും എന്നെ ഓർമ്മിക്കുന്നതിന് നന്ദി. യോഗ മാസ്റ്ററായ കൈതപ്രം വാസുദേവൻ നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയിലാണ് ഞാൻ ദേവഭൂമിയിലെത്തിയത്. ഇവിടെ വരാൻ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും മുൻജന്മ പുണ്യവുമാണ്. ” സ്വാഗതപ്രാസംഗികൻ ചലച്ചിത്രതാരമെന്ന് വിശേഷിപ്പിച്ചതിനെ പരാമർശിച്ച് സംസാരിക്കവെയാണ് സംയുക്താവർമ്മ ഇങ്ങനെ പറഞ്ഞത്.
രാവിലെ തന്നെ സോമയാഗം നടക്കുന്ന സ്ഥലത്തെത്തിയ സംയുക്ത യാഗത്തിന്റെ പ്രധാനകർമ്മങ്ങളിലൊന്നായ പ്രവർഗ്യം നേരിൽ ദർശിച്ച് ആത്മനിർവൃതി നേടി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ ഒരുകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ സോമയാഗങ്ങൾക്ക് വേദിയായിരുന്നു.















