ന്യൂഡൽഹി: റെക്കോർഡ് കൈവരിക്കാനായി അമിത വേഗതയിൽ ബൈക്ക് ഓടിച്ച് യൂട്യൂബർക്ക് ദാരുണാന്ത്യം. സൂപ്പർ ബൈക്കിൽ 300 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശ്രമത്തിൽ യൂട്യൂബർ അഗസ്തേ ചൗഹാനാണ് മരിച്ചത്. ആഗ്രയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അന്ത്യം. ഇയാളുടെ യുട്യൂബ് ചാനലിലേക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായിട്ടാണ് റൈഡ് നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അമിത വേഗത്തിൽ വാഹനമോടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അഗസ്ത്യ ചൗഹാൻ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ പല കഷ്ണങ്ങളായി ചിതറി. തലയ്ക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കാരണം.
‘പ്രോ റൈഡർ 1000’എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അഗസ്തേ ചൗഹാൻ ഉത്തരാഖണ്ഡ് ഡെറാഡൂൺ സ്വദേശിയാണ്. ഇയാളുടെ ചാനലിന് 1.2 ദശലക്ഷം സബ്സ്ക്രൈബേഴ്സാണുള്ളത്. താൻ ഡൽഹിയിലേക്കാണ് പോകുന്നതെന്നും അവിടെ ബൈക്കിന് എത്ര വേഗത്തിൽ സഞ്ചരിക്കാനാകുമെന്ന് പരിശോധിക്കുകയാണ് ലക്ഷ്യമെന്ന് അഗസ്ത്യേ ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്. 300 കിലോമീറ്റർ വേഗതയിൽ കൊണ്ടുപോകും , അതിനപ്പുറം പോകാൻ കഴിയുമോയെന്ന് നോക്കാമെന്നായിരുന്നു വീഡിയോയിൽ പറഞ്ഞത്.
Comments