പാലക്കാട്: ട്രെയിൻ തീ വെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയുമായി ഷൊർണുരിൽ എൻ ഐ എയുടെ തെളിവെടുപ്പ്. ഷാറൂഖ് പെട്രോൾ വാങ്ങിയ കുളപ്പുള്ളി പമ്പിലും ഉടൻ തെളിവെടുപ്പിന് എത്തിക്കും. എൻ ഐ എ കേസ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ തെളിവെടുപ്പാണിത്. റെയിൽവേ സ്റ്റേഷൻ പരിസരത്താണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.
നേരത്തെ പോലീസും ഷാരൂഖിനെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എലത്തൂരിൽ വച്ച് ട്രെയിനിൽ തീവച്ച ശേഷം കണ്ണൂരിലെത്തിയ പ്രതി അവിടെ നിന്ന് മറ്റൊരു ട്രെയിനിൽ കയറിയായിരുന്നു രത്നഗിരിയിലെത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് പ്രതി യാത്ര ചെയ്തത്. ഷാരൂഖിനെ ഇവിടെയെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. നേരത്തെ പോലീസും പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തിരുന്നു. തീവെച്ച ബോഗിയിലും എത്തിച്ചിരുന്നു.
ബോഗിയിൽ രക്തക്കറകളുണ്ടായിരുന്നു. എന്നാൽ കൂടുതൽ വിശദമായ തെളിവെടുപ്പിലേക്ക് പോലീസ് കടന്നിരുന്നില്ല. എലത്തൂരിൽ നിന്ന് അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി. മെയ് 2 മുതലാണ് ഷാരൂഖ് സെയ്ഫിയെ എൻ ഐ എയ്‌ക്ക് കസ്റ്റഡിയിൽ ലഭിച്ചത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും.
ഏപ്രിൽ 2 ന് ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിൽ കയറി യാത്രക്കാരുടെ ദേഹത്ത് തീ കൊളുത്തിയ ഷാരൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണ് ഒരോ നീക്കവും നടത്തിയതെന്ന മൊഴി എൻ ഐ എ യ്‌ക്ക് ലഭിച്ചിരുന്നു.
അതേസമയം നിരവധി പേരുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഷാരൂഖിന്റെ മൊബൈൽ ലൊക്കേഷനുകളിൽ എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിലെത്തിയതായി കണ്ടെത്തിയിരുന്നു. കേസിൽ മതഭീകരവാദ ശക്തികളുടെ പങ്ക്, പ്രതിക്ക് കേരളത്തിൽ നിന്ന് ലഭിച്ച സഹായങ്ങൾ എന്നിവയിലാണ് വിശദമായ അന്വേഷണം. തെളിവെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ ദിവസം ഷാരൂഖിനെ എൻ ഐ എ കസ്റ്റഡിയിൽ ആവശ്യപ്പെടും.യു എ പി എ ചുമത്തിയ കേസിൽ പരമാവധി 30 ദിവസം വരെ പ്രതിയെ എൻ ഐ എ യ്‌ക്ക് കസ്റ്റഡിയിൽ ലഭിക്കും.















