കണ്ണൂർ: കൈതപ്രം സോമയാഗത്തിന് പരിസമാപ്തി. തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി യാഗശാല അഗ്നിക്കിരയാക്കിയതോടെ സോമയാഗത്തിന് അവസാനമായി. ചുറ്റും നിറഞ്ഞ് നിന്ന പതിനായിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന നാമജപ ഘോഷം യാഗഭൂമിയെ ഭക്തി സാന്ദ്രമാക്കി. ഇതോടെ ആറ് ദിവസം നീണ്ട യാഗ കർമങ്ങൾക്കും വേദാഘോഷ ഹോമാദികൾക്കും ഇന്നലെ അവസാനമായി.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മുതൽ അവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചവരെ നടന്ന യാഗക്രിയകൾക്ക് ശേഷം ഹോമകുണ്ഡത്തിൽ മഹാഹോമം നടന്നു. ദേവന്മാർക്കും ദേവഗണങ്ങൾക്കും സോമരസം ഹോമിച്ചുകൊണ്ടുള്ള സോമഹൂതിയോടെയായിരുന്നു മഹാഹോമം. മുഖ്യാചാര്യൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് യാഗകർമ്മങ്ങളുടെ യജമാനനെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് ചൊല്ലി വിളിച്ചു.

ആറ് ദിവസമായി കുളി ഉപേക്ഷിച്ച് തീവ്ര വ്രതത്തിൽ കഴിഞ്ഞ യജമാനനും ഒപ്പം ഋത്വിക്കുകളും പരികർമികളും വൈദികരും ചേർന്ന് വാസുദേവപുരം ക്ഷേത്രക്കുളത്തിൽ അവഭൃതസ്‌നാനം നടന്നു. തിരിച്ച് യാഗശാലിലെത്തിയ യജമാനൻ പ്രായശ്ചിത്ത കർമങ്ങൾ നടത്തി. യാഗകർമാദികളിൽ ലോപം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള പരിഹാരമായാണ് ഈ പ്രായശ്ചിത്ത കർമ്മങ്ങൾ. ദക്ഷിണയ്‌ക്ക് ശേഷം മൂന്ന് ഹോമകുണ്ഡങ്ങളിൽ നിന്നുള്ള അഗ്നിയെ മൂന്ന് മൺകലത്തിലേക്ക് ആവാഹിച്ചെടുത്ത് യജമാനനും പത്‌നിയും കൊമ്പങ്കിളത്തില്ലത്തേക്ക് മടങ്ങി. തുടർന്നാണ് നാമജപത്തോടെ യാഗശാല അഗ്നിയ്‌ക്കായി സമർപ്പിച്ചത്.















