ഒരിടവേളയ്‌ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ഒപ്പം ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. ഇത് നാളെയോടെ തീവ്ര ന്യൂനമർദ്ദമായി മാറും. തുടർന്ന് മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആൻഡമാൻ കടലിന് സമീപത്താകും ചുഴലിക്കാറ്റ് രൂപപ്പെടുക.
കാലാവസ്ഥ വകുപ്പ് പറയുന്നതനുസരിച്ച്, മോക്ക ചുഴലിക്കാറ്റ് മെയ് 11, വ്യാഴാഴ്ച വരെ വടക്ക്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്. തുടർന്ന് ക്രമേണ വടക്ക്-വടക്കുകിഴക്കൻ ദിശയിൽ ബംഗ്ലാദേശ്- മ്യാൻമർ തീരത്തേയ്‌ക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ന്യൂനമർദ്ദ മേഖല രൂപപ്പെടുന്നതിന് ശേഷം കൃത്യമായ പാത അറിയാൻ കഴിയും. പാത നിരന്തരം നിരീക്ഷിക്കുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോക്ക കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ സംസ്ഥാനത്ത് നാളെ മുതൽ മഴ സജീവമാകാൻ സാദ്ധ്യതയുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.
മെയ് 11-ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മെയ് 9,10,12 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനോട് കൂടിയ മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.















