കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നൽകാൻ തീരുമാനം. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നൽകുന്നത്. ഇതുസംബന്ധിച്ച നിർദ്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നൽകി കഴിഞ്ഞു.
ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് കാക്കനാട് കളക്ടറേറ്റിന് മുന്നിൽ ഐഎംഎ സായാഹ്ന ധർണ്ണ നടത്തി. എറണാകുളം ജില്ലാ കമ്മിറ്റി ,കെജിഎംഒഎ, ഐഡിഎ എന്നീ മുപ്പത്തിരണ്ടോളം മെഡിക്കൽ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സായാഹ്ന ധർണ്ണ. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച ധർണ്ണയിൽ മെഡിക്കൽ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് പങ്കെടുത്തത്.
അതേസമയം കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദ് ആണ് ചിതയ്‌ക്ക് തീ കൊളുത്തിയത്. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. അന്ത്യ ചുംബനം നൽകി അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും ഏക മകളെ യാത്രയാക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഇന്നലെ പുലർച്ചെയായിരുന്നു നിഷ്ഠൂരമായ കൊലപാതകം നടന്നത്. കോട്ടയം സ്വദേശിനി 23-കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. സന്ദീപിനെ കോടതി റിമാൻഡ് ചെയ്ത്, പൂജപ്പുര ജയിലിലേക്ക് അയച്ചു.














