തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ശക്തി കുറയുന്ന “മോക്ക” ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ മണിക്കൂറിൽ പരമാവധി 175 കി.മീ. വേഗതയിൽ കരയിൽ പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്തും മഴക്കൊപ്പം കാറ്റും ശക്തമാകും. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.
ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്‌ളാദേശിലെ കോക്സ്ബസാറിന് സമീപം കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.















