ശ്രീനഗർ: അതിർത്തി കാക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനൊരുങ്ങി കേന്ദ്രം. പാക് അതിർത്തിയിൽ 42 പുതിയ അതിർത്തി പോലീസ് പോസ്റ്റുകൾക്കായി 600-ലധികം തസ്തികകൾ അനുവദിച്ചു. ആഭ്യന്തര വകുപ്പ് അംഗീകരിച്ച 607 തസ്തികകളിൽ 39 സബ് ഇൻസ്‌പെക്ടർമാർ, 50 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ, 88 ഹെഡ് കോൺസ്റ്റബിൾമാർ, 430 സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾമാർ (എസ്ജിസിടി)/ കോൺസ്റ്റബിൾമാർ എന്നിവ ഉൾപ്പെടുന്നു.
പുതിയ പോസ്റ്റുകൾ നുഴഞ്ഞുകയറ്റ വിരുദ്ധ ശൃംഖല ശക്തിപ്പെടുത്തുന്നതിന് വലിയ സഹായമാകും. ഭീകരരുടെ നുഴഞ്ഞുകയറ്റം, ഡ്രോണുകളുടെ ചലനം, ഭീകര പ്രവർത്തനങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി അന്താരാഷ്‌ട്ര അതിർത്തിയിൽ ബിഎസ്എഫിനും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ സൈന്യത്തിനും പിന്നിൽ പ്രതിരോധത്തിന്റെ രണ്ടാം നിരയിൽ സേവനമനുഷ്ഠിക്കുന്നതാണ് പുതിയ പോസ്റ്റുകൾ.
ഭീകരരും മയക്കുമരുന്ന് കടത്തുകാരും നുഴഞ്ഞുകയറുന്ന വഴികൾ അടിസ്ഥാനമാക്കിയാണ് പോലീസ് പോസ്റ്റുകൾ സ്ഥാപിക്കുന്നത്. ജമ്മു കശ്മീരിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലും കശ്മീര്ഡ താഴ്‌വരയിലെ ബാരാമുള്ള, കുപ്വാര ജില്ലകളിലുമാണ് അതിർത്തി പോലീസ് പോസ്റ്റുകൾ സ്ഥാപിക്കുന്നത്.
Comments