572 ദ്വീപുകളിലായി പരന്നു കിടക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ 32 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. ഇതിൽ നിഗൂഡതകൾ മാത്രം ഒളിച്ചിരിക്കുന്ന ഒരിടമാണ് റോസ് ഐലൻഡ്. ഒരു കാലത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം. ഇന്ന് അതേ ഇടം ഭയാനകമായ ഭൂതകാലത്തെ സസ്യജാലങ്ങളിൽ പൊതിഞ്ഞ കൊടും കാടായി മാറി. ഡാനിയേൽ റോസ് എന്ന് പേരുള്ള മറൈൻ സർവേയറുടെ പേരിൽ നിന്നാണ് ഈ ദ്വീപിന് റോസ് ദ്വീപ് എന്ന പേരുണ്ടായത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകൾ ഇരമ്പുന്ന ഒരു സ്ഥലം കൂടിയാണ് ഇത്. ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ പോരാടിയ ഇന്ത്യക്കാരെ തടവിൽ പാർപ്പിച്ചിരുന്ന തടവറ ഇവിടെ ഉണ്ടായിരുന്നു. സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത ധീരൻമാരെ കഠിന കുറ്റവാളികളായി മുദ്രകുത്തി ഇവിടെ എത്തിച്ച് തടവിലാക്കുമായിരുന്നു.

ഒന്നാം സ്വാതന്ത്ര്യ സമരകാലമായ 1857ലാണ് ബ്രിട്ടീഷുകാർ റോസ് ദ്വീപിലേക്ക് വരുന്നത്. ദ്വീപിന്റെ ഭരണസിരാകേന്ദ്രമായ റോസ് ദ്വീപിൽ ഒരു ജനതയ്‌ക്ക് ജീവിക്കാൻ പറ്റുന്ന എല്ലാം ഉണ്ടായിരുന്നു. മാർക്കറ്റ്, ബസാർ, ബേക്കറി, ദേവാലയങ്ങൾ, പള്ളി. ടെന്നീസ് കോർട്ട്, പ്രിന്റിങ് പ്രസ്, സെക്രട്ടറിയേറ്റ്, ആശുപത്രി, സെമിത്തേരി, സ്വിമ്മിങ് പൂൾ തുടങ്ങിയവയെല്ലാം ഇവിടെ തടവുകാരെ കൊണ്ട് ഒരുക്കിയിരുന്നു. ഉയർന്ന റാങ്കിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റും ജിവിക്കുന്ന ഇടമായി ഇവിടം മാറി. ഇവിടുത്തെ അടുത്തുള്ള ദ്വീപുകൾ പലപ്പോഴും കടലാക്രമണങ്ങൾക്കും മറ്റും വിധേയമാകുമ്പോൾ ഇവിടം എല്ലായ്‌പ്പോളും എല്ലാ തരത്തിലും സുരക്ഷിതമായിരുന്നു. അങ്ങനെയാണ് ഇവിടം ബ്രിട്ടീഷുകാർക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നത്.
പിന്നീട് ഈ കോളനി കാലാപാനി എന്ന പേരിൽ കുപ്രസിദ്ധ സ്ഥലമായി മാറി. ഇവിടുത്തെ കാട് വെട്ടി മറ്റി മനുഷ്യയോഗ്യമായ ഒരു കോളനി നിർമ്മിക്കുക എന്നതായിരുന്നു ഇവിടെ കൊണ്ടുവന്നിരുന്ന തടവുകാരുടെ ജോലി.

ക്രൂരമായ മരുന്ന് പരീക്ഷണത്തിന് ഇരയായിരുന്നു ഇവിടത്തെ തടവുകാർ. മലേറിയ മരുന്നായ സിങ്കോണ അൽക്കനോയിഡ് പരീക്ഷിച്ചത് തടവുകാരിലായിരുന്നു. ഇന്നും മലേറിയയുടെ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നത് ഇതേ മരുന്നാണ്. അതിനിടയിൽ ബ്രിട്ടീഷുകാരുടെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ടവരും ഒരുപാടുണ്ട്. ഒട്ടേറെ കഥകളിലൂടെ കടന്നു പോയിട്ടുള്ള റോസ് ഐലൻഡിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് 1942ൽ ജാപ്പനീസ് സൈന്യം കീഴടക്കുകയും ബ്രിട്ടീഷുകാരെ ഒഴിപ്പിക്കുകയും ചെയ്തു. ഭരണ കേന്ദ്രങ്ങൾ ഉൾപ്പെടെ ഇടിച്ചു തകർത്ത ജാപ്പനീസ് ആർമി പീനൽ കോളനി മാത്രം ബാക്കി വെച്ചു. 1945 വരെ ഇവിടം ജപ്പാന്റെ കീഴിലായിരുന്നു. ദ്വീപിന്റെ ചരിത്രത്തിലെ മറ്റൊരു സുവർണ്ണ അധ്യായമാണ് 1943ൽ സുഭാഷ് ചന്ദ്രബോസ് ഇവിടെ ഇന്ത്യയുടെ പതാക ഉയർത്തിയത്.

പിന്നീടുണ്ടായ ഭൂകമ്പമാണ് റോസ് ഐലന്റിന്റെ രൂപം അപ്പാടെ മാറ്റിയത്. 30,000 ലധികം പേർ ഭൂചലനത്തിൽ മരിച്ചെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. ഇന്ന് അവിടെ ചെന്നാൽ കാണാൻ സാധിക്കുന്നത് തകർന്നടിഞ്ഞു കിടക്കുന്ന ദേവാലയങ്ങളും, കാടുകയറിയ ആശുപത്രികളും ജാപ്പനീസ് കെട്ടിടങ്ങൾ, ഒക്കെയും ഒരു മാറ്റവും ഇല്ലാതെ ഇവിടെ കാണാം. റോസ് ദ്വീപ് എന്നാൽ ഒരിക്കൽ കിഴക്കിന്റെ പാരീസ് എന്നായിരുന്നു; ഇപ്പോൾ, അത് സ്വാതന്ത്രസമര സേനാനികളുടെ ദുരിതങ്ങളുടെ സ്മാരകമായി അവശേഷിക്കുന്നു.















