ആരാധകരോട് തന്റെ ആരോഗ്യ വിവരം പങ്കുവെച്ച് ഗായിക ബോംബെ ജയശ്രീ. സോഷ്യൽ മീഡിയയിലൂടെയാണ് ഗായിക ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ടെന്നും ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണെന്നുമായിരുന്നു ബോബെ ജയശ്രീയുടെ കുറിപ്പ്. ഇതിനോടകം നിരവധി ആരാധകരാണ് ബോബെ ജയശ്രീയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
മാർച്ച് 24നായിരുന്നു ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു ജയശ്രീ. തുടർന്ന് സർജറിയ്ക്ക് വിധേയയാകുകയും ചെയ്തിരുന്നു. ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തിൽ ഷോ അവതരിപ്പിക്കാനിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിവരം അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥനയിലായിരുന്നു താരത്തിന്റെ ആരാധകർ.
ഒരേ കടൽ, ഒരുത്തീ, പൈതൃകം, കോളാമ്പി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്കാരവും ജയശ്രീയെ തേടിയെത്തിയിരുന്നു. കർണ്ണാടക സംഗീതത്തിൽ നിരവധി സംഭാവനകൾ ഗായിക ഇതിനോടകം നൽകിയിട്ടുണ്ട്.















