കാസർകോട്: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം. പിണറായിയുടെ ഏകപക്ഷീയമായ നടപടികളും സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയും കനത്ത തോൽവിക്ക് കാരണമായെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഭരണം ഉപയോഗിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഭരണത്തിൽ പാർട്ടി തകരുകയായിരുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
‘വീട്ടിൽ പോയി പറയൂ’ എന്ന മുഖ്യമന്ത്രിയുടെ സമീപനവും തിരിച്ചടിയായെന്ന് യോഗത്തിൽ വിമർശനമുയർന്നു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ തൃക്കരിപ്പൂരിലെ പരാജയത്തിന് പ്രധാന കാരണമായെന്നും വിലയിരുത്തലുണ്ടായി.
തൃക്കരിപ്പൂരിലും ഉദുമയിലും മുസ്ലിം വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ജില്ലാ കമ്മിറ്റി അംഗങ്ങൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വർധിക്കുകയാണ്. യുവ നേതാക്കളിൽ പലരും പാർട്ടി സ്ഥാനങ്ങളിലെത്താൻ വ്യഗ്രത കാണിക്കുന്നതായും അതിനായി വളഞ്ഞ വഴികൾ തേടുന്നതായും യോഗത്തിൽ അഭിപ്രായമുണ്ടായി.















