ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി അഭിമാനനേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങളെ ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എം.ആർ. പൂവമ്മ, വിത്യ രാംരാജ്, വിദർശ എന്നിവർക്കായി അത്താഴവിരുന്നും ഒരുക്കി.
കായികതാരങ്ങളുടെ നേട്ടങ്ങളും അർപ്പണബോധവും രാജ്യത്തോടുള്ള പ്രതിബദ്ധതയും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന പ്രതിഭകളുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യയുടെ കായികമേഖലയ്ക്ക് കൂടുതൽ അഭിമാനനേട്ടങ്ങൾ സമ്മാനിക്കാനും വരുംനാളുകളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനും താരങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.















