ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ തെലുങ്ക് ചിത്രമായിരുന്നു അഖിൽ അക്കിനേനി നായകനായ ഏജന്റ്. അഖിൽ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നു എന്നത് മലയാളികളെയും ആവേശഭരിതരാക്കി. എന്നാൽ, സിനിമാ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രം ബോക്സ്ഓഫീസിൽ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ആകെ ലഭിച്ച കളക്ഷൻ വെറും പതിമൂന്നു കോടി മാത്രമാണ്. ഇപ്പോഴിതാ ഏജന്റ് സിനിമയ്ക്കുണ്ടായ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നായകനായ അഖിൽ അക്കിനേനി.
താന്‍ പരമാവധി ശ്രമിച്ചിട്ടും പ്രതീക്ഷിച്ചത് പോലെ സിനിമയ്ക്ക് പ്രേക്ഷകരോട് സംവദിക്കാനായില്ല എന്നും ഇനി താൻ ശക്തമായി തിരിച്ചു വരും എന്നുമാണ് അഖിലിന്റെ പ്രതികരണം. ‘നമ്മുടെ സിനിമയ്ക്ക് ജീവന് നല്‍കാനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഏജന്റിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിനോട് നന്ദി പറയുന്നു. ഞങ്ങള്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും സ്ക്രീനില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല. നല്ല ഒരു സിനിമ ഞങ്ങൾക്ക് നല്‍കാനായില്ല’.
‘എനിക്ക് വലിയ പിന്തുണ നല്കിയ നിര്‍മ്മാതാവ് അനിലിന് നന്ദി. ഞങ്ങളുടെ സിനിമയില്‍ വിശ്വാസമര്‍പ്പിച്ച വിതരണക്കാർക്കും നന്ദി. വലിയ പിന്തുണ നല്കിയ മാദ്ധ്യമങ്ങള്‍ക്കും നന്ദി. നിങ്ങള്‍ നല്കിയ സ്നേഹവും എനര്‍ജിയും കാരണമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. അതിന് എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ശക്തമായി തിരിച്ചുവരും’–എന്നാണ് അഖിൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.















