തൃശൂർ: കേരളത്തിലെ ആദ്യത്തെ വനിതാ തന്ത്രിയായി തൃശൂരുകാരി ജ്യോത്സന പത്മനാഭൻ. തൃശൂർ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ ദേവീ പൂജ ചെയ്യുന്ന തന്ത്രിയാണ് ഈ പെൺകുട്ടി. താന്ത്രിക വിദ്യ പഠിച്ച് പൂജാ കർമങ്ങൾ നിർവഹിക്കുന്ന കേരളത്തിലെ ആദ്യ പെൺകുട്ടിയാണ് ജ്യോത്സന. പൂജാരിയായ അച്ഛൻ പത്മനാഭനാണ് ഗുരു. കർമങ്ങളോട് ചെറുപ്പത്തിലേ തോന്നിയ താത്പര്യമാണ് മകളെ പത്മാനാഭൻ താന്ത്രിക വിദ്യകൾ പഠിപ്പിച്ചതെന്ന് അച്ഛൻ പറയുന്നു. താന്ത്രികവിദ്യ സായത്തമാക്കി സമൂഹത്തിൽ നിലനിർക്കുന്ന ലിംഗ വേർത്തിരിവുകളും തിരുത്തിയെഴുതുകയാണ് ഈ പെൺ സാന്നിധ്യം.
2010-ലായിരുന്നു ആദ്യ പൂജ. പിന്നീടങ്ങോട്ട് പത്മനാഭന് കൂട്ടായി ജ്യോത്സന എത്തിത്തുടങ്ങി. അമ്മ അർച്ചനയും സഹായത്തിനെത്തും. സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് ജ്യോത്സന. സ്ത്രീകൾ എത്തിപ്പെടാത്ത മേഖലയിലേക്ക് കടന്ന് വന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ജ്യോത്സന പറഞ്ഞു. 11 വർഷം മുൻപ് കാട്ടൂർ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ മൂലബിംബ പ്രതിഷ്ഠ നടത്തിയപ്പോഴും ജ്യേത്സന അച്ഛനൊപ്പം പൂജാകർമങ്ങളിൽ സജീവമായിരുന്നു. അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജ്യോത്സന. അന്ന് ക്ഷേത്രമുറ്റത്തോടി കളിച്ച് വളർന്ന പെൺകുട്ടി അതേ ക്ഷേത്രത്തിലെ തന്നെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകുന്നതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഈ കുടുംബം.
പൈങ്കണ്ണിക്കാവ് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിയുടെയും അർച്ചന അന്തർജനത്തിന്റെയും രണ്ട് മക്കളിൽ മൂത്തവളാണ് ജ്യോത്സന. അനുജൻ ശ്രീശങ്കരൻ തന്ത്രശാസ്ത്രത്തിൽ ഉപരിപഠനം നടത്തുന്നു. കേരളത്തിലെ താന്ത്രികചാര്യന്മാരിൽ അദ്വിതീയനായ തൃപ്രയാർ ശ്രീരാമക്ഷേത്രം തന്ത്രി പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ അരുമശിഷ്യയാണ്.















