ജനം ടിവി ചർച്ചയ്ക്കിടെ ഭീഷണിയുമായി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. പാലക്കാട് ചിറ്റൂർ സ്വദേശിയായ യുവാവിനെ പ്രണയം നടിച്ച് മതം മാറ്റിയ സംഭവത്തിൽ ജനം ടിവി സംഘടിപ്പിച്ച ചർച്ചയ്‌ക്കിടെയാണ് സഹ പാനലിസ്റ്റായ സംവിധായകൻ രാമസിംഹനെതിരെ ഷാഫി ചാലിയം ഭീഷണി മുഴക്കിയത്. മതം മാറിയാൽ കൊല്ലണമെന്നുണ്ടെങ്കിൽ ആദ്യം രാമസിംഹനെ കൊല്ലേണ്ടേ എന്ന് ചോദിച്ച ഷാഫി ചാലിയം, അടുത്തുണ്ടെങ്കിൽ രാമസിംഹനെ തല്ലുമെന്നും ഭീഷണി മുഴക്കി. മുസ്ലീംലീഗ് നേതാവിന്റെയുള്ളിലെ മതഭ്രാന്ത് പുറത്തു വന്നുവെന്ന് സഹ പാനലിസ്റ്റുകളും പറഞ്ഞു.
‘നാവ് കൊണ്ട് ചൊല്ലിയാൽ മാത്രമല്ല, മനസ്സ് കൊണ്ട് ചൊല്ലിയാലാണ് ഒരാൾ ഇസ്ലാമാകുന്നത്. ഒരാൾ ഇസ്ലാമാകണമെന്ന് അയാൾ തീരുമാനിക്കാതെ ആകില്ല. മറ്റൊരാൾക്കും ഒരാളെ ഇസ്ലാമാക്കാനും സാധിക്കില്ല. മയക്കു മരുന്ന് തൊട്ടാൽ വിചാരണ കൂടാതെ കഴുത്ത് വെട്ടണമെന്നാണ് ഇസ്ലാമിക നിയമം, വൃഭിചാരം ചെയ്തവളെ എറിഞ്ഞു കൊല്ലണം എന്നാണ് നിയമം. ഇതെല്ലാം നടത്തി കൊണ്ട് ഇസ്ലാമിലേയ്‌ക്ക് ആളെ കൂട്ടുന്നു എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക. രാമസിംഹന്റെ പുഴ മുതൽ പുഴ വരെ ഓടിയതിന്റെ അത്രയും പോലും കേരള സ്റ്റോറി കേരളത്തിൽ ഓടിയില്ല. മതം വിട്ടാൽ കൊല്ലുമെന്നാണ് പറയുന്നത്, എങ്കിൽ രാമസിംഹനെയല്ലെ കൊല്ലേണ്ടത്. എന്റെ അടുത്ത് നിന്നാണ് രാമസിംഹൻ സംസാരിക്കുന്നതെങ്കിൽ അടിച്ച് കവാലക്കുറ്റി പൊട്ടിച്ചേനെ’- എന്ന് ഷാഫി ചാലിയം പറഞ്ഞു.
അതേസമയം, ഷാഫി ചാലയത്തിനെതിരെ സഹ പാനലിസ്റ്റുകളും അവതാരകനും രംഗത്തു വന്നു. തന്നെ തല്ലണമെങ്കിൽ ഷാഫി വീണ്ടും ജനിക്കേണ്ടി വരുമെന്നായിരുന്നു മുസ്ലിം ലീഗ് നേതാവിന് രാമസിംഹൻ നൽകിയ മറുപടി. ചർച്ച വഴി തിരിച്ചു വിടാനും അലങ്കോലപ്പെടുത്താനുമാണ് ഷാഫി ശ്രമിക്കുന്നതെന്ന് സഹ പാനലിസ്റ്റുകളെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. ഇതോടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ കൂട്ടാക്കാതെ മുസ്ലീം ലീഗ് നേതാവ് ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.
Comments