മലപ്പുറം: മലപ്പുറം പൊന്നാനി അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെ പൊന്നാനി പടിഞ്ഞാറേക്കര ഭാഗത്ത് നിന്നാണ് വള്ളം കസ്റ്റഡിയിലെടുത്തത്.
വിരുന്നിനെത്തിയ ബന്ധുക്കളുമൊത്ത് കൗതുകത്തിന് ഉല്ലാസ യാത്ര നടത്തിയതാണെന്നാണ് ഫിഷറീസ് വകുപ്പിനോട് ഉടമ നൽകിയ വിശദീകരണം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 8 പേരുമായാണ് ഇന്നലെ നിയമം ലംഘിച്ച് വള്ളത്തിൽ ഉല്ലാസയാത്ര
നടത്തിയത്. ഇതിൽ വള്ളം ഉടമയോടും ഓടിച്ചയാളോടും ഇന്ന് ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടേതാണ് വള്ളം.
ആലപ്പുഴയിലും നിയമം ലംഘിച്ചതിന് ബോട്ട് പിടിച്ചെടുത്തിരുന്നു. മതിയായ സുരക്ഷാ രേഖകളില്ലാതെ പ്രവർത്തിച്ച 15 ബോട്ടുകൾക്കാണ് പരിശോധനയെ തുടർന്ന് നോട്ടീസ് നൽകിയത്. ഇതിൽ ഒരു ബോട്ട് പിടിച്ചെടുത്തു. പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്.
Comments