മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായും നടിയായും മോഡലായുമെല്ലാം നിറഞ്ഞു നിൽക്കുന്ന താരം ഒരു സ്വകാര്യ ചാനൽ നടത്തുന്ന റിയാലിറ്റി ഷോയിലൂടെ കൂടുതൽ ജനപ്രിയയുമായിരുന്നു. ടിവി ഷോയിൽ പങ്കെടുക്കവെ സൗഹൃദത്തിലായ സീരിയൽ നടൻ ശ്രീനിഷിനെ താരം വിവാഹം കഴിക്കുകയും ചെയ്തു. താരദമ്പതികളുടെയും മകൾ നിലായുടെയും വിശേഷങ്ങളറിയാൻ ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരുമായി പേളി സൗഹൃദ സംഭാഷങ്ങൾ നടത്താറുമുണ്ട്. ഇപ്പോഴിതാ, താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്.
തന്റെ ഒരു ആരാധികയിൽ നിന്നുണ്ടായ വ്യത്യസ്ത അനുഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. താനുമായുള്ള ചാറ്റ് ബോക്സ് സ്വന്തം ഡയറിയാക്കിയ ഒരു ആരാധികയെപ്പറ്റിയാണ് പേളി മനസ്സു തുറന്നിരിക്കുന്നത്. ‘ഈയിടെ ഞാൻ ഒരു മാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടയിൽ നിങ്ങളിൽ ഒരാളെ കണ്ടുമുട്ടി. എന്റെ ഇൻസ്റ്റാ ഫാമിലിയെ കാണുമ്പോൾ ഞാൻ എപ്പോഴും ആവേശഭരിതയാകും. ഞങ്ങൾ സംസാരിച്ചു, കുറച്ച് ചിത്രങ്ങൾ പോലും ക്ലിക്ക് ചെയ്തു’.
‘അവസാനം അവൾ പറഞ്ഞു, അവൾ എനിക്ക് ഇൻസ്റ്റഗ്രാമിൽ ഒരുപാട് സന്ദേശങ്ങൾ അയച്ചിരുന്നു, പക്ഷേ മറുപടി ലഭിച്ചില്ല എന്ന്. എനിക്ക് വളരെയധികം വിഷമം തോന്നി. അവളുടെ ഐഡിയുടെ പേര് എന്താണെന്ന് ഞാൻ ചോദിച്ചു. അവ ഇനി താൻ വായിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നില്ലെന്ന് അവൾ പറഞ്ഞു. അവൾ ഇപ്പോൾ എന്റെ ചാറ്റ് ബോക്സ് ഒരു ഡയറിയായി ഉപയോഗിക്കുകയാണ്. തന്റെ രഹസ്യങ്ങൾ പങ്കുവെച്ച ഒരു സ്വകാര്യ ഇടം ഞാൻ വായിക്കില്ലെന്ന് അവൾ വിശ്വസിക്കുന്നു. ഇതെനിക്ക് വളരെ വിചിത്രമായി തോന്നി’- എന്നാണ് പേളി ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.















