ആലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുപ്പതിനായിരം കളഭദിനമായ 15-ന് ആരംഭിച്ച അഷ്ടബന്ധ കലശച്ചടങ്ങുകൾ നാളെ സമാപിക്കും. പുലർച്ചെ മൂന്നിന് എണ്ണ കലശാഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിക്കും. പ്രായശ്ചിത്ത കലശം, ശാന്തി കലശം എന്നിവ അഭിഷേകം ചെയ്ത് തിമില പാണി കൊട്ടി തത്വ കലശം എഴുന്നള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്യും.
12 മണിയോടെ മരപ്പാണി കൊട്ടി കുംഭേശ കർക്കരി കലശങ്ങളും ബ്രഹ്‌മകലശവും എഴുന്നള്ളിക്കും. തുടർന്ന് വാദ്യമേളങ്ങളുടെയും നാമജപങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിനെ വലം വെച്ച് നാലമ്പലത്തിൽ പ്രവേശിക്കും. ഇതിന് ശേഷമായിരിക്കും ശ്രീകോവിലിന് വലം വെച്ച് ശ്രീകോവിവിലേക്ക് എഴുന്നള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്യുക.
തുടർന്ന് അവസ്രാവ പ്രോഷണം, ഉച്ചപൂജ, ഉച്ച ശ്രീബലി, ശ്രീഭൂതബലി എന്നിവ നടക്കും. രാത്രി എട്ട് മണിയോടെ പത്ത് പ്രദക്ഷിണങ്ങളോടെ വിളക്ക് എഴുന്നള്ളിപ്പും ഉണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് തന്ത്രിമാരായ പുതുമന ദാമോദരൻ നമ്പൂതിരി, കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, രാജപ്രതിനിധി തെക്കേടത്ത് നാരായണ ഭട്ടതിരി, കോയ്മ സ്ഥാനി ശ്രീകുമാർ വലിയമഠം, എന്നിങ്ങനെ നിരവധി ആളുകളാണ് നേതൃത്വം നൽകുന്നത്.
Comments