രാജമൗലിയുടെ ആർആർആർ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേമികൾക്ക് സുപരിചിതനായ നടനാണ് റേ സ്റ്റീവൻസൺ. അദ്ദേഹത്തിന്റെ വേർപാടിന്റെ ഞെട്ടലിലാണ് ലോകത്തെമ്പാടുമുള്ള സിനിമാ പ്രേമികൾ. ഇപ്പോഴിത സ്റ്റീവൻസണിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ആർആർആർ ടീം. ട്വിറ്ററിലൂടെ ചിത്രത്തിലെ ഒരു ഷൂട്ടിങ് രംഗം പങ്കുവച്ചു കൊണ്ടാണ് ആർആർആർ ടീം എത്തിയിരിക്കുന്നത്. ചിത്രത്തിലെ ഗവർണർ സ്‌കോട്ട് ബക്സ്റ്റൻ എന്ന കഥാപാത്രത്തെ അത്രമേൽ മനോഹരമായാണ് സ്റ്റീവൻസൺ അവതരിപ്പിച്ചത്.
സ്റ്റീവൻസൺ ക്രെയിനിൽ നിന്ന് ഒരു റോപ്പിൽ തൂങ്ങി നിൽക്കുന്ന ഒരു ചിത്രമാണ് ടീം പങ്കുവച്ചിരിക്കുന്നത്. വളരെ പ്രയാസമേറിയ ഈ രംഗം ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹത്തിന് 56 വയസായിരുന്നു പ്രായം. പക്ഷേ ഈ സംഘട്ടന രംഗത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിന് യാതൊരു വിധ മടിയുമില്ലായിരുന്നു. ആർആർആർ സെറ്റിലെ നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല, റേ സ്റ്റീവൻസൺ- എന്നാണ് ആർആർആർ ടീം ചിത്രത്തിനൊപ്പം കുറിച്ചത്.
വിശ്വസിക്കാനാവുന്നില്ല ഈ വാർത്ത. സെറ്റിലേക്ക് വലിയ ഊർജവുമായി കടന്നുവരുന്ന ആളായിരുന്നു അദ്ദേഹം. നമ്മളെ എല്ലാവരും പകർന്നു നൽകിയിരുന്ന ഒരുതരം ഊർജം. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുകയെന്നത് ഏറെ സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് രാജമൗലി കുറിച്ചത്. സ്റ്റീവൻസണിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.
ഇറ്റലിയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
Comments