ക്വളിഫയറിലേക്കുള്ള പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയ്ന്റ്സിനെ 81 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ഒന്നാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് കാമറൂൺ ഗ്രീനിന്റെയും സൂര്യ കുമാർ യാദവിന്റെയും പാർട്ട്ണർഷിപ്പാണ്. ഓപ്പണർമാരായ രോഹിത്തും(11) ഇഷാൻ കിഷനും(15) കാര്യമായ സംഭാവനകൾ നൽകാതെ ക്രീസ് വിട്ടുമടങ്ങിയപ്പോൾ ഗ്രീനും(41) സൂര്യകുമാറും(33) പിടിച്ചുനിന്നു. മദ്ധ്യ ഓവറുകളിൽ തിലക് വർമ്മയും(26) വിക്കറ്റ് കൊഴിയാതെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. എന്നാൽ അവസാന ഓവറിൽ നേഹൽ വധേര(23) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
മുംബൈ നിരയിലെ രോഹിത്, ഗ്രീൻ, സൂര്യകുമാർ, തിലക് വർമ്മ എന്നീ കൂറ്റൻ അടിക്കാരെ യഥാസമയം പുറത്താക്കിയ നാല് വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖാണ് ലക്നൗ ബോളർമാരിൽ തിളങ്ങിയത്. ഒരു വേളയിൽ കൂറ്റൻ സ്കോറിൽ എത്താൻ സാദ്ധ്യതയുണ്ടായിരുന്ന മുംബൈയെ തളർത്തിയതും നവീൻ തന്നെയാണ്. ലക്നൗവിനായി യാഷ് താക്കൂർ മൂന്ന് വിക്കറ്റും മോസിൻ ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗ നിരയിൽ മാർക്കസ് സ്റ്റോയിനിസ്(40) ഒഴികെ ആരും ഭേദപ്പെട്ട പ്രകടനംപോലും കാഴ്ചവെച്ചില്ല. കെയ്ൽ മേയർസ്, ദീപക് ഹൂഡ എന്നിവരാണ് സ്റ്റോയിനിസിനെ കൂടാതെ ലക്നൗ നിരയിൽ രണ്ടക്കം കടന്നത്. നാലോവറിൽ കേവലം അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ആകാശ് മധ്വാളാണ് ലക്നൗ ബാറ്റിംഗ് നിരയെ തളർത്തിയത്. റൺ ഔട്ടുകളും ലക്നൗ ഇന്നിംഗ്സിൽ വില്ലനായി.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ നേരിടും. ഇതിലെ വിജയിയായിരിക്കും ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുക.
Comments