പുതിയ പാർലമെൻറ് മന്ദിരം അലങ്കരിക്കാൻ ‘ചെങ്കോൽ’ ഉണ്ടാകും എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് സ്വർണ്ണ ചെങ്കോലിനെക്കുറിച്ചുള്ള വാർത്തകൾ. ചെങ്കോലിന്റെ ചിത്രങ്ങളും തരംഗമാകുകയാണ്. ഇപ്പോഴിതാ നടനും മുൻ എംപിയുമായ സുരേഷ് ഗോപി ചെങ്കോലിന്റെ ചിത്രം ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈൽ പിക്ചറാക്കിയിരിക്കുകയാണ്. നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ പ്രൊഫൈൽ പിക്ചറിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അഭിമാനം, അക്ഷരം തെറ്റാതെ വിളിക്കണം ഇതാണ് ഹീറോ- സിനിമയിലും ജീവിതത്തിലും,
ആർഷഭാരത സംസ്‌കൃതിയുടെ പുനർജനി എന്നൊക്കെയാണ് കമന്റുകൾ.
മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ ഇന്ത്യൻ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ സീറ്റിന് സമീപം ചരിത്രപരമായ നന്ദികേശ്വരമുദ്രയുള്ള സ്വർണ്ണ ചെങ്കോൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ചെങ്കോൽ, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്‌ക്ക് അധികാരം കൈമാറിയതിന്റെ അടയാളമായി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കൈമാറിയതാണെന്നും അമിത് ഷാ പറഞ്ഞു. ‘നീതി’ എന്നർത്ഥം വരുന്ന ‘സെമ്മായി’ എന്ന തമിഴ് വാക്കിൽ നിന്നാണ് ‘സെങ്കോൽ’ അഥവാ ചെങ്കോൽ എന്ന വാക്ക് ഉത്ഭവിച്ചത്. ഗംഗാജലത്തിൽ ശുദ്ധി ചെയ്തതാണ് ഈ അധികാര ചെങ്കോൽ.
ഭാരതത്തിന്റെ സ്വാതന്ത്ര്യ ചരിത്രവുമായി ഏറെ ബന്ധമുള്ള ഈ സ്വർണ്ണ ചെങ്കോൽ ബ്രിട്ടീഷുകാരിൽ നിന്നും അധികാരം ഇന്ത്യക്കാർക്ക് കൈമാറിയതിന്റെ പ്രതീകം കൂടിയാണ്. സ്വാതന്ത്ര പ്രഖ്യാപന വേളയിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണിൽ നിന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഏറ്റുവാങ്ങിയ ഈ അധികാര ചിഹ്നം, ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ കൂടിയായ സി രാജഗോപാലാചാരിയുടെ നിർദ്ദേശ പ്രകാരമാണ് നിർമ്മിച്ചത്.
തമിഴ്നാട് ചരിത്രത്തിൽ അധികാരമേൽക്കുന്ന ഭരണാധികാരികൾക്ക് അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി അവിടുത്തെ മുതിർന്ന പുരോഹിതൻമാർ ചെങ്കോൽ നൽകിയിരുന്നു. ചോള രാജവംശത്തിലും ഈ പാരമ്പര്യം പിന്തുടർന്ന് പോന്നിരുന്നുവെന്നും സി രാജഗോപാലാചാരി ചൂണ്ടിക്കാട്ടി. അതുപോലെ ഇന്ത്യയുടെ അധികാരകൈമാറ്റത്തിനും ചെങ്കോൽ പ്രതീകമായി ഉപയോഗിക്കാമെന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ട് വെച്ചു.
തുടർന്ന ചെങ്കോൽ നിർമ്മാണവുമായി ബന്ധപ്പെട്ട് രാജഗോപാലാചാരി തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി സംസാരിച്ചു. മഠാധിപതി ആ ചുമതല ഏറ്റുവാങ്ങി. തുടർന്ന് അന്നത്തെ മദ്രാസിലെ സ്വർണ്ണപണിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് ഈ സ്വർണ്ണ ചെങ്കോൽ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ചെങ്കോലിന് മുകളിൽ നന്തി(കാള)യുടെ രൂപവും ഉണ്ട്. നീതിയുടെ പ്രതീകമായിട്ടാണ് ചെങ്കോലിൽ നന്തി രൂപവും കൊത്തിവച്ചിരിക്കുന്നത്.
Comments