ഡെറാഡൂൺ: വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സമ്മാനം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ഉത്തരാഖണ്ഡിന് ലഭിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയായി ഉത്തരാഖണ്ഡ് മാറി കഴിഞ്ഞു. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ 40,000 റെയിൽ ശൃംഖലയാണ് വൈദ്യുതീകരിച്ചതെന്ന് ഉദ്ഘാടനവേളയിൽ വന്ദേഭാരത് യാത്രയിൽ പങ്കെടുക്കവെ മാദ്ധ്യമങ്ങളോട് അശ്വനി വൈഷ്ണവ് പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ റെയിൽവേയെ പ്രധാനമന്ത്രി മാറ്റിമറിച്ചു. ഓരോ ടേമിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഈ വർഷം ജൂൺ മാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് എക്‌സ്പ്രസ് എത്തണമെന്നാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായാണ് വന്ദേഭാരത് മെട്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത്യാധുനിക സെമി-ഹൈ സ്പീഡ് ട്രെയിനിൽ നിരവധി അത്യാധുനിക പാസഞ്ചർ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. വീഡിയോ കോൺഫറസിംഗിലൂടെയായിരുന്ന ഫ്‌ളാഗ് ഓഫ് കർമ്മം. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ സാന്നിധ്യത്തിലാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഡെറാഡൂണിനും ന്യൂഡൽഹിക്കും ഇടയിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Comments