അഹമ്മദാബാദ്: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഐപിഎൽ പതിനാറാം സീസണിന്റെ ഫൈനൽ. നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഫൈനലിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ നിമിഷങ്ങൾ തള്ളി നീക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് കലാശപ്പോര്. അഹമ്മദാബാദിൽ നാളെ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ഇപ്പോഴിതാ ഐപിഎൽ ഫൈനലിന് വില്ലനായി എത്തിയിരിക്കുകയാണ് മഴ.
അഹമ്മദാബാദിൽ ഞായറാഴ്ച വൈകിട്ട് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടുതന്നെ മത്സരം ആരംഭിക്കാൻ വൈകിയേക്കുമെന്നാണ് സൂചന. മത്സരത്തിന് മുമ്പ് മഴ പെയ്താൽ ബാറ്റിംഗ് ആദ്യ ഓവറുകളിൽ മോശമാകാനും സാധ്യതയേറെയാണ്. ഇത് ടോസ് നേടുന്ന ടീമിനെ കാര്യമായി ബാധിച്ചേക്കും. എന്നാൽ മത്സരം ആരംഭിക്കുന്നതിന് മുൻപാണ് മഴ പെയ്യുന്നതെങ്കിൽ മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് പിച്ച് മെച്ചപ്പെടാനും സാധ്യതയുണ്ട്.
Comments