തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് നാളെ മുതൽ സ്കൂളുകൾ തുറക്കുകയാണ്. എല്ലാ വർഷത്തിലേതും പോലെ കുട്ടികളുടെ സുരക്ഷയ്‌ക്കായി പോലീസിന്റെ ഭാഗത്തു നിന്നും സുരക്ഷക്രമീകണങ്ങള്‍ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. സ്കൂളിന്റെ പരിസരങ്ങളിലുള്ള മയക്കു മരുന്ന് വില്പന, പുകയില ഉല്പന്നങ്ങലുടെ വ്യാപാരം, വിപണനം തുടങ്ങിയവ തടയുന്നതിനായി സ്‌കൂള്‍ പരിസരങ്ങളിലുള്ള കടകളും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കും.
പെണ്‍കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയും. ബസ് ജീവനക്കാരുടെയും മറ്റും സഭ്യമല്ലാത്തതായ പെരുമാറ്റങ്ങള്‍ തടയും. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമം ടിപ്പര്‍ലോറികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുട്ടികള്‍ റോഡ് മുറിച്ച് കടക്കുന്ന സമയത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ പോലീസിന്റെയും സ്റ്റുഡന്റ്‌സ് പോലീസിന്റെയും സഹായം ഉറപ്പാക്കും. സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയിളവ് നിഷേധിക്കുകയോ, സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുകയോ വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുകയോ ചെയ്യരുതെന്ന് ബസ്സുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സ്‌കൂള്‍ കുട്ടികള്‍ക്കിടയിലുള്ള പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ക്ലീന്‍ കാമ്പസ്, സേഫ് കാമ്പസ്, യോദ്ധാവ് എന്നീ പദ്ധതികള്‍ എല്ലാ സ്‌കൂളുകളിലും ഫലപ്രദമായി നടപ്പിലാക്കും. പിങ്ക് പോലീസിന്റെയും, ഷാഡോ പോലീസിന്റെയും സേവനം ഫലപ്രദമായി ഉപയോഗിക്കും. എല്ലാ ബസ് സ്റ്റാന്റുകളിലും, പ്രധാനപ്പെട്ട തിരക്കുള്ള നിരത്തുകളിലും പോലിസ് സാന്നിധ്യമുണ്ടാകും. തിരക്കുള്ള റോഡുകള്‍ക്ക് സമീപമുള്ള സ്‌ക്കുളുകള്‍ക്ക് മുന്‍പില്‍ സ്പീഡ് ലിമിറ്റ്‌ബോര്‍ഡുകള്‍ പി.റ്റി.എ-യുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും സഹായത്തോടെ സ്ഥാപിക്കും. എല്ലാ സ്‌കൂളുകളുടെ പരിസരങ്ങളിലും സ്‌കൂള്‍ സമയങ്ങളില്‍ പോലീസിന്റെ സേവനം ഉണ്ടാവും.
മാതാപിതാക്കള്‍ നിയോഗിക്കുന്ന പല പ്രൈവറ്റ് വാഹനങ്ങളിലും അവരുടെ കുട്ടികളെ അനിയന്ത്രിതമായി കുത്തിനിറച്ച് സ്‌കൂളുകളിലേയ്‌ക്ക് കൊണ്ടുവരുവാന്‍ അനുവദിക്കില്ല. സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതും, ഇവര്‍ ഏതെങ്കിലും വിധമായ കേസുകളില്‍, വിശിഷ്യാ പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ടിണ്ടോയെന്നും പരിശോധിച്ച്, അത്തരക്കാരെ ജോലികളില്‍ നിന്നും ഒഴിവാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്കും.
സ്‌കൂള്‍ ബസ്സുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മറ്റ് ജീവനക്കാരും എല്ലാം തന്നെ ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ നിന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് / നോണ്‍ ഇന്‍വോള്‍മെന്റ് ഇന്‍ ക്രൈംസ് / സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കും. കൂടാതെ ഇവരുടെയെല്ലാം വിവരങ്ങള്‍ ശേഖരിച്ച് പൂര്‍വ്വകാല പ്രവര്‍ത്തികള്‍ പരിശോധിച്ച് വിലയിരുത്തും. കണ്‍ട്രോള്‍ റൂം വാഹനവും, പ്രത്യേക ബൈക്ക് പട്രോളിംഗ് യൂണിറ്റും നിരത്തിലുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ അറിയിച്ചു.
Comments