ലക്നൗ: അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നതിനായി കൊത്തിയെടുത്ത മൂന്ന് ശ്രീരാമ വിഗ്രഹങ്ങളിൽ ഏറ്റവും അനുയോജ്യമായതായിരിക്കും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക. അവശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങൾ ഉപേക്ഷിക്കുകയോ ക്ഷേത്രത്തിന് പുറത്തേക്ക് അയയ്ക്കുകയോ ചെയ്യില്ല. ക്ഷേത്ര സമുച്ചയത്തിനുള്ളിൽ തന്നെ അനുയോജ്യമായ സ്ഥാനത്ത് പ്രതിഷ്ഠിയ്ക്കും.
ശ്രീകോവിലിലേക്കുള്ള വിഗ്രഹത്തിന് പുറമേ വരുന്ന രണ്ട് വിഗ്രഹങ്ങൾ അനുയോജ്യമായ സ്ഥലങ്ങളിൽ അവയുടെ പവിത്രത നിലനിർത്തി തന്നെ പ്രതിഷ്ഠിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു. അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീരാമ വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം ഏറ്റവും മികച്ച വിഗ്രഹമായിരിക്കും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുക. ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകളിൽ ഓരോ വിഗ്രഹം പ്രതിഷ്ഠിക്കാമെന്ന ആലോചനയിലാണ് ട്രസ്റ്റ് ഭാരവാഹികൾ. ഇത് പിന്നീടുള്ള ഘട്ടത്തിലായിരിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
അതേസമയം ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടെ താഴെയുള്ള നിലയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കും. ഇതിന് ശേഷമായിരിക്കും അടുത്ത നിലയുടെ നിർമ്മാണം ആരംഭിക്കുക. കർണാടകയിലെ ഡോ.ഗണേഷ് ഭട്ട്, ജയ്പൂരിലെ സത്യ നാരായണൻ പാണ്ഡെ, കർണാടകയിലെ അരുൺ യോഗിരാജ് എന്നിവരായിരിക്കും വിഗ്രഹങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക. മൂന്ന് വ്യത്യസ്ത കല്ലുകൾ ഉപയോഗിച്ചാണ് വിഗ്രഹം നിർമ്മിക്കുന്നത്.
കർണാടകയിലെ ഡോ.ഗണേഷ് ഭട്ട് ശ്രീരാമ വിഗ്രഹമൊരുക്കുന്നത് നെല്ലിക്കരു പാറകളിൽ നിന്നും കൊത്തിയെടുത്താണ്. ഇവ കറുത്ത കല്ലുകളാണ്. ഇത് ഭഗവാൻ കൃഷ്ണന്റെ നിറവുമായി സാമ്യമുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ശ്യാംശിലയെന്നും കൃഷ്ണശിലയെന്നും അറിയപ്പെടുന്നു. രാജസ്ഥാനിലെ സത്യ നാരായൺ പണ്ഡെയാണ് മറ്റൊരു വിഗ്രഹമൊരുക്കുന്നത്. ഇവിടെ വെള്ള നിറത്തിലുള്ള മക്രാന മാർബിൾ കല്ലുകളിലാണ് വിഗ്രഹം കൊത്തിയെടുക്കുന്നത്. മൈസൂരിൽ നിന്നുമുള്ള ശിൽപി അരുൺ യോഗി രാജാണ് മറ്റൊരു വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്.
Comments