രാഷ്ട്രചിതിയുടെ പ്രോജ്ജലനത്തിനായി സ്വജീവിതം സമർപ്പിച്ച യതിവര്യനായിരുന്നു മാധവ സദാശിവ റാവു ഗോൾവൽക്കർ എന്ന് ഗുരുജി. രാഷ്‌ട്രീയ സ്വയം സേവക് സംഘം എന്ന മഹാപ്രസ്ഥാനത്തിന്റെ ദ്വിതിയ സർസംഘചാലകാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ കേഡർ പ്രസ്ഥാനമായ ആർഎസ്എസിന് ആദർശം നൽകി ബീജാവാപം നടത്തിയത് ഡോ. ഹെഡ്‌ഗേവാർ ആയിരുന്നു എങ്കിലും കൃത്യമായ വീക്ഷണത്തിലൂടെ സംഘടനയെ വളർത്തിയത് ഗുരുജിയായിരുന്നു.
1906 ഫെബ്രുവരി മാസം 19-ന് മഹാരാഷ്‌ട്രയിലെ നാഗ്പൂരിനടുത്തുള്ള രാംടേക്കിലാണ് ഗുരുജിയുടെ ജനനം. ഒൻപത് മക്കളിൽ നാലാമാനായിരുന്നു അദ്ദേഹം. 1924-ൽ അദ്ദേഹം ഇന്റർമീഡിയേറ്റ് പരീക്ഷ വിജയിച്ചു. തുടർന്ന് ബിഎസ്‌സി എംഎസ്‌സി എന്നിവ പൂർത്തിയാക്കി. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽ തന്നെ പണ്ഡിറ്റ് മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു. പഠനത്തിനു ശേഷം വർഷത്തോളം അദ്ദേഹം അദ്ധ്യപകനായി സേവനമനുഷ്ഠിച്ചു. ആ സമയത്താണ് സംഘത്തിന്റെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനാകുന്നത്.
1933ൽ നാഗ്പൂരിൽ തിരിച്ചെത്തിയ ഗുരുജി ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാറിനെ പരിചയപ്പെട്ടു. സ്വാമി അഖണ്ഡാനന്ദനിൽ നിന്നും ഗുരുജി സന്യാസം സ്വീകരിച്ചിരുന്നു. നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളൻ മുടിയും എല്ലാ കാര്യങ്ങളിലും അവഗാഹവുമുണ്ടായിരുന്ന അദ്ദേഹത്തെ മുതിർന്ന ആളുകൾ പോലും ‘ഗുരുജി’ എന്നു വിളിച്ച് ബഹുമാനിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്‌നിച്ചു.
ഡോക്ടർജിയുടെ മരണ ശേഷം ആർഎസ്എസ്സിന്റെ സർസംഘചാലക് ചുമതല അദ്ദേഹത്തിൽ അർപ്പിക്കപ്പെട്ടു. സർസംഘചാലക് പദവിയിൽ അദ്ദേഹത്തിന്റെ മരണം വരെ മുപ്പത്തിമൂന്നു വർഷം സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം ആർഎസ്എസ്സിന്റെ സർസംഘചാലക് ചുമതലയിൽ ഇരുന്ന വ്യക്തിയും അദ്ദേഹം തന്നെ ആണ്. സർസംഘചാലക് പദവിയിൽ എത്തിയ ശേഷം അദ്ദേഹം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഇത്ര വിശദമായ ഭാരതപര്യടനം മറ്റാരും ചെയ്തിരിക്കില്ല. ഓരോ വർഷവും, ഓരോ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ടാകും. ജനങ്ങൾക്കിടയിൽ രാജ്യത്തിന്റെ സംസ്‌കാരത്തിലുന്നിയ ദേശാഭിമാനം വളർത്തിയെടുക്കാൻ അദ്ദേഹം പ്രയത്‌നിച്ചു. ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.
1962-ലെ ചൈനയുടെ ഇന്ത്യ ആക്രമണ സമയത്ത് സ്വയം സേവകരോട് ഭരണകൂടത്തിനോപ്പം നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ദൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളുടെ ആഭ്യന്തര സുരക്ഷ പാലനം, സൈന്യത്തിന് മരുന്ന്, വൈദ്യ സഹായം, രക്തം എന്നിവ എത്തിക്കുക തുടങ്ങിയ പ്രവർത്തികളിൽ മുഴുകി. ഈ പ്രവർത്തനങ്ങളുടെ ഫലമായി 1963-ലെ റിപബ്ലിക് ദിന പരേഡിൽ സൈന്യത്തോടൊപ്പം ആർ.എസ്.എസ് പങ്കെടുക്കുകയും ചെയ്തു. 1973-ൽ ജൂൺ 5 നായിരുന്നു ഗുരുജിയുടെ മരണം. തന്റെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു. ജുൺ 6 ന് രേശംബാഗിൽ കത്തിയമർന്നത് ഗുരുജിയുടെ ഭൗതീക ശരീരം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളും അഹ്വാനങ്ങളും രത്‌നങ്ങൾ പോലെ ഇന്നും പ്രശോഭിക്കുകയാണ്.
Comments