2001 ജൂൺ 15-ന് പുറത്തിറങ്ങിയ ഗദർ: ഏക് പ്രേം കഥ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച സിനിമകളിൽ ഒന്നാണ്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമൃത് സറിൽ നിന്നുള്ള ഒരു ട്രക്ക് ഡ്രൈവറായ താരാ സിംഗ് ( സണ്ണി ഡിയോൾ ) എന്ന ജാട്ട് സിഖുകാരൻ ഇന്ത്യാ വിഭജന സമയത്ത് നേരിടുന്ന പരീക്ഷണങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് ചിത്രം പറയുന്നത് . വിഭജന സമയത്തെ രക്ത രൂക്ഷിതമായ കലാപത്തിനിടെ ലാഹോറിലെ മുസ്‍ലിംരാഷ്‌ട്രീയ കുടുംബത്തിലെ കുടുംബത്തില്‍ നിന്നുള്ള സക്കീനയ അയാൾ രക്ഷിക്കുന്നതാണ് പ്രമേയം. അമരീഷ് പുരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.
അനിൽ ശർമ്മയുടെ ഗദർ ഏക് പ്രേംകഥ അക്കാലത്തെ ബോളിവുഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.2017 ലെ കണക്കനുസരിച്ചു ഈ ചിത്രം ബോക്സ് ഓഫീസിൽ 133 കോടി രൂപ നേടിയിട്ടുണ്ട് . ഇന്ത്യ വിഭജനത്തെക്കുറിച്ചുള്ള സിനിമകളിൽ നിർബന്ധമായും കാണേണ്ട ഒന്നായി വിവിധ നിരൂപകർ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ കണക്കെടുത്താൽ നാലാം സ്ഥാനമാണ് “ഗദർ ഏക് പ്രേം കഥ” ക്കുള്ളത്. കഴിഞ്ഞ 22 വർഷമായി ഈ സിനിമയുടെ ഗാനങ്ങളും സംഗീതവും സംഭാഷണങ്ങളും ഏറെ ജനപ്രിയമായി തുടരുന്നു.
ഇപ്പോഴിതാ ഗദർ: ഏക് പ്രേം കഥ 2023 ജൂൺ 9-ന് രാജ്യവ്യാപകമായി തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറക്കാർ. ആധുനിക ശബ്ദസംവിധാനത്തോടെ 4K ഫോർമാറ്റിലേക്ക് മാറ്റിയാണ് ചിത്രം റിലീസ് ചെയ്യുക . 2001 ലെ ആദ്യ ചിത്രത്തിന്റെ റിലീസിനോളം വലുതായിരിക്കും ഗദർ റീ-റിലീസും. ഇതിനായി ഇൻഡോർ, ജയ്പൂർ മുംബൈ, ലഖ്‌നൗ എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ വമ്പിച്ച പ്രീമിയർ സംഘടിപ്പിക്കും.
ഗദർ 2 എന്ന പേരിൽ സണ്ണി ഡിയോൾ നായകനായി ഇതിന്റെ ഒരു തുടർചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 11 ന് ഗദർ -2 റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.















