ടെക്സാസ്: കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയർന്നുവരുന്നു എന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചെപ്പെടുകയുമാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ മാണിക്ക് മിസോറി സിറ്റി നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്. മേയർ റോബിൻ ഇലക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷനായി. അമ്പതുവർഷം സാമാജികനായിരുന്ന കെഎം മാണിയെ അദ്ദേഹം അനുസ്മരിച്ചു.
ഇരുപത്തിയെട്ടു സംസ്ഥാനങ്ങൾ ചേർന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതം എന്ന് തന്നെ താൻ ഉറച്ചു വിശ്വസിക്കുന്നതായി ജോസ് പറഞ്ഞു. അതിരുകളില്ലാത്ത രാജ്യങ്ങളും സ്നേഹവും സഹകരണവും കൊണ്ട് ബന്ധിപ്പിക്കപ്പെട്ട ജനതയാണ് കാലത്തിന്റെ ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസോറി സിറ്റി ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ ടെക്സാസ് ഗവർണർ ഗ്രെഗ് ആബിത് മുദ്രചാർത്തിയ ‘ഓണററി ടെക്സൻ’ ബഹുമതി ടെക്സാസ് സ്റ്റേറ്റ് സെനറ്റർ റോൺ റെയ്നോൾഡ് ജോസ് കെ. മാണിക്ക് നൽകി.
ജോസ് കെ. മാണി ആദ്യമായാണ് മിസോറി സിറ്റി സന്ദർശിക്കുന്നതെന്നും അദ്ദേഹത്തെ വരവേൽകാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും മേയർ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്നു കെ.എം മാണി. അദ്ദേഹത്തിന്റെ പുത്രന്റെ എല്ലാ വിജയങ്ങൾക്കും കേരളത്തോടൊപ്പം അമേരിക്കയിലെ മലയാളികളും ആശംസകൾ നേരുന്നു എന്ന് ആശംസ പ്രസംഗം നടത്തിയ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ പറഞ്ഞു.
വിശിഷ്ടമായ ടെക്സാസ് ഫ്ലാഗും പിന്നും എറിക് ഫെയഗൻ ജോസ് കെ മാണിക്ക് നൽകി. മേയർ റോബിനും സിറ്റി മാനേജറും വിശിഷ്ടാതിഥികളും ചേർന്ന് മിസോറി സിറ്റിയുടെ താക്കോൽ ജോസ്് കെ. മാണിക്ക് നൽകി. ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ പതാകകൾ ആലേഖനം ഷാൾ ജോസ് കെ മാണിയെ അണിയിച്ചു.
Comments