പഴങ്ങളും പച്ചക്കറികളും ദിവസവും നന്നായി കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ നിർദ്ദേശിക്കുന്നത്. മാമ്പഴവും ഓറഞ്ചും മുന്തിരിയുമെല്ലാം കഴിക്കുന്നവരാണ് മിക്കവരും. എന്നാൽ, ഇവ മാത്രമല്ല പഴങ്ങൾ. ആരോഗ്യ ഗുണങ്ങളേറെയുള്ള പഴങ്ങൾ ധാരാളമുണ്ട്. മിക്കവയും നമ്മൾ കഴിച്ചിട്ടില്ല എന്നുമാത്രമല്ല, കണ്ടിട്ടും കേട്ടിട്ടും കൂടിയില്ല. അത്തരത്തിൽ അപൂർവ്വം പേർ മാത്രം കഴിക്കുന്ന ഒരു പഴമാണ് സ്റ്റാർ ഫ്രൂട്ട് എന്നറിയപ്പെടുന്ന കാരമ്പോള അഥവാ ചതുരപ്പുളി. മധുരവും പുളിയും സമ്മിശ്രമായ ഒരു ഫലമാണിവ. മഞ്ഞയും പച്ചയും നിറമുള്ള ഒരു നക്ഷത്രം പോലെ ഇവ കാണപ്പെടുന്നു.
ധാരാളം നാരുകൾ അടങ്ങിയ ചതുരപ്പുളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി 5, ഫോളേറ്റ്, പ്രോട്ടീൻ എന്നിവയും ഉണ്ട്. ഈ പഴത്തിൽ കലോറി കുറവാണ്. അതിനാൽ ഇത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. സ്റ്റാർ ഫ്രൂട്ട് സാധാരണ പോലെ കഴിക്കാം. അല്ലെങ്കിൽ സോസായോ ജാമായോ ജ്യൂസാക്കിയോ കഴിക്കാം. രക്തസമ്മർദ്ദം മുതൽ കൊളസ്ട്രോൾ വരെ ഇത് കഴിക്കുന്നതിലൂടെ നിയന്ത്രിക്കാം. ഈ പഴത്തിന്റെ ചില ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ നമുക്ക് നോക്കാം.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു: സ്റ്റാർ ഫ്രൂട്ടിൽ പൊട്ടാസ്യവും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു.
ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുക: ഉയർന്ന അളവിലുള്ള നാരുകളും സ്റ്റാർട്ട് ഫ്രൂട്ടിലെ മറ്റ് സസ്യ ഘടകങ്ങളും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കപ്പെടുന്നതിലൂടെ ഹൃദയത്തിന് ആരോഗ്യം ലഭിക്കുന്നു.
ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു: ഈ പഴത്തിൽ വളരെ കുറച്ച് കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മാത്രമല്ല, ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനവും സാധ്യമാക്കും.
ചർമ്മത്തിനും മുടിക്കും നല്ലതാണ്: സ്റ്റാർ ഫ്രൂട്ടിൽ സൗന്ദര്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർദ്ധിപ്പിക്കും. വിറ്റാമിൻ സിയുടെ സാന്നിധ്യം ചർമ്മത്തിന് ഗുണം ചെയ്യും. വിറ്റാമിൻ ബി മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.
പ്രമേഹമുള്ളവർക്കും കഴിക്കാം: സ്റ്റാർ ഫ്രൂട്ട് എന്നത് പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായ ഒരു ഭക്ഷണം കൂടിയാണ്. പ്രമേഹരോഗികൾക്ക് മിതമായ അളവിൽ പഴങ്ങൾ കഴിക്കാം.















