പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് എന്ന സിനിമയ്ക്ക് ‘യു’ സർട്ടിഫിക്കറ്റ്. സിനിമയ്ക്ക് ഒരു കട്ടും സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടില്ല. ഏകദേശം മൂന്ന് മണിക്കൂറാണ് (179 മിനിട്ട്) സിനിമയുടെ ദൈർഘ്യം. നേരത്തെ ആദിപുരുഷിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ടിക്കറ്റ് ബുക്കിംഗിന് തുടക്കം കുറിച്ച് കൊണ്ടായിരുന്നു അണിയറ പ്രവർത്തകർ പുതിയ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം ജൂൺ 16-ന് തിയേറ്ററുകളിലെത്തും.
രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കൃതി സനോനാണ്. ഓം റൗത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ്. നടൻ സണ്ണി സിംഗും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹനുമാൻ ആയി ദേവദത്ത നാഗേയും അഭിനയിക്കുന്നു.
സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്നാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അജയ്-അതുൽ, സച്ചേത്-പരമ്പര എന്നിവർ ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. താനാജിക്ക് ശേഷം ഓം റൗത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദിപുരുഷ്.
അതേസമയം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആദിപുരുഷ്. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.
Comments