ക്ഷീണം എല്ലാം അകറ്റി ഒന്ന് സ്വസ്ഥതമായി ഉറങ്ങാൻ കിടക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം.. അത് വേറെ ഒന്ന് തന്നെയാണല്ലേ.. ഒരു ദിവസത്തെ ജോലി എല്ലാം കഴിഞ്ഞ വിശ്രമിക്കാനെത്തുമ്പോൾ കിടക്കുന്ന കിടക്കയും തല വെയ്‌ക്കുന്ന തലയിണയും വൃത്തി കേടാണങ്കില്ലേ?!
സുഖമായി ഉറങ്ങാൻ പലർക്കും ആവശ്യമായിട്ടുള്ള ഒന്നാണ് തലയിണ. മറ്റ് ചിലർക്ക് ആകട്ടെ അതിന്റെ ആവശ്യം ഇല്ലാതാനും. ഉപയോഗിക്കുന്ന തലയിണയും തലയിണ കവറും വൃത്തിയായി ഉപയോഗിക്കുക എന്നത് പ്രധാനമാണ്. എന്തെന്നാൽ മുഖത്തെയും തലയിലെയും അഴക്കുകൾ തലയിണയിൽ അടിഞ്ഞ് കൂടാനും അതുവഴി മുഖക്കുരു പോലെയുള്ളവ വരാനും സാദ്ധ്യതയുണ്ട്.
ഒരു മനുഷ്യൻ ഒരാഴ്ചയിൽ ശരാശരി 49-60 മണിക്കൂറുകൾ വരെ തലയിണയ്‌ക്കൊപ്പം ചെലവഴിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വിയർപ്പ്, ശരീരത്തിലെ എണ്ണകൾ എന്നിവ തലയിണയിലേക്കും പടരും. ഇത് ചർമത്തിലെ പൊട്ടൽ, മുഖക്കുരു, അലർജി, ആസ്തമ എന്നിവയിലേക്ക് നയിക്കും. അതിനാൽ തലയിണ കവറുകൾ പതിവായി മാറ്റേണ്ടതാണ്.
ശരീരം വൃത്തിയോടെ സൂക്ഷിക്കുന്നവരാണെങ്കിലും വളർത്തുമൃഗങ്ങൾക്കൊപ്പം ഉറങ്ങുന്നവരാണെങ്കിലും മൂന്നോ നാലോ ദിവസം കൂടമ്പോൾ കവർ മാറ്റുന്നതാണ് നല്ലത്. അല്ലെങ്കിൽ അലർജി വരാൻ സാദ്ധ്യതയുണ്ട്. എത്ര തവണ കഴുകുന്നുവെന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെയാണ് തലയിണ കവർ കഴുകുന്നതെന്നും. കുറഞ്ഞത് 50 ഡിഗ്രി സെൽഷ്യസ് വരുന്ന ചൂടുവെള്ളത്തിലാണ് തലയിണ കവർ കഴുകേണ്ടത്. തീവ്ര മണമില്ലാത്ത സോപ്പ് പൊടികളോ സോപ്പോ ഉപയോഗിച്ച് വേണം തലയിണ കവർ കഴുകാൻ. നന്നായി ഉണങ്ങേണ്ടതും പ്രധാനമാണ്.















